360 ഡിഗ്രിയില്‍ തിരിയും; വെള്ളത്തില്‍ സഞ്ചരിക്കും; ബിവൈഡി യു8 എസ്‌യുവി എത്തുന്നു
എസ്‌യുവിയില്‍ കിടിലന്‍ മോഡല്‍ അവതരിപ്പിച്ച് ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡി. യാങ്ങ്വാങ്ങ് യു8 എന്ന എസ്‌യുവി മോഡലാണ് കമ്പനി അവകതരിപ്പിച്ചിരിക്കുന്നത്. 1,180 bhp കരുത്ത് 1,28 nm ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാനുളള കഴിവ്. ഇതെല്ലാമുള്ള ഞെട്ടിക്കുന്ന സവിശേഷതകളാണ് കമ്പനി വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 360 ഡിഗ്രിയില്‍ വാഹനത്തിന് തിരിയാനുള്ള ശേഷി, പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങ്, പിന്നെ വെള്ളത്തില്‍ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്. ഇലക്ട്രോക് മോഡലിലാണ് ഈ എസ്‌യുവി എത്തുന്നതെന്നാണ് വലിയ പ്രത്യേകത.
യു8ലെ ICE പവര്‍ട്രെയിന്‍ ഉപയോഗിച്ച് നേരിട്ട് ചക്രങ്ങളെ ചലിപ്പിക്കില്ല. മറിച്ച് വാഹനത്തിലെ 49kWh ബാറ്ററി പാക്കിനെ ചാര്‍ജ്ജു ചെയ്യുകയാണ് ചെയ്യുക. ഓരോ ചക്രങ്ങള്‍ക്കും ഓരോ മോട്ടോര്‍ വീതമുണ്ട്. വൈദ്യുതിയില്‍ മാത്രം 180 കി.മീ റേഞ്ച് ലഭിക്കുന്നുണ്ട്. എന്നാല്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 75 ലീറ്റര്‍ ഇന്ധന ടാങ്കും ചേര്‍ന്ന് യു8ന്റെ റേഞ്ച് 1,000 കിലോമീറ്ററാക്കി ഉയര്‍ത്തുന്നുണ്ട്. ഓരോ മോട്ടോറിനും 295 bhp വരെ കരുത്തുണ്ട്.
കരയില്‍ പറപറക്കുന്ന യു8 വെള്ളത്തില്‍ മുങ്ങുന്ന നിലയിലെത്തിയാല്‍ ബോട്ടായി മാറും. മണിക്കൂറില്‍ 2.9 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 മിനുറ്റുവരെ കാറിന് വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയും. ബിവൈഡിയുടെ ഇ4 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന യാങ്വാങ് യു8ന് 5.3മീറ്ററാണ് നീളം.