കരിങ്കൽ ഖനനം: മലബാർ കുടിയാന്മല കനകക്കുന്ന് കവരപ്ലാവ് കുലുങ്ങുന്നു – ഭീതിയിൽ നാട്ടുകാർ
കുടിയാന്മല: കനകക്കുന്ന് കവരപ്ലാവിൽ പുതുതായി തുടങ്ങുന്ന ക്രഷറിന്റെ മറവിൽ വൻ കരിങ്കൽ ഖനനം. സ്ഫോടനം നടത്തിയാണ് കൂറ്റൻ പാറകൾ തകർക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ സ്ഫോടനത്തിന്റെ പ്രകമ്പനം ഒരു കിലോമീറ്ററിലധികം ദൂരത്ത് അനുഭവപ്പെട്ടു.
മാസങ്ങൾക്ക് മുൻപ് 12 അടി വീതിയിൽ കവരപ്ലാവിൽനിന്നുള്ള റോഡ് നവീകരിച്ചിരുന്നു. ചെങ്കുത്തായ മലഞ്ചെരിവിലാണ് ഇപ്പോൾ ഖനനം. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് സ്ഫോടനത്തിന് ശേഷം കല്ലുകൾ പൊട്ടിക്കുന്നത്.
ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് തൊഴിലാളികൾ. കരിങ്കൽ ഖനനംചെയ്യാൻ കമ്പനിക്ക് ലൈസൻസ് ഇല്ലെന്നാണ് ആക്ഷേപം. മറ്റ് പാറമടകളിൽനിന്ന് കല്ലെത്തിച്ച് വിവിധ വലിപ്പത്തിൽ പൊടിക്കാനുള്ള ലൈസൻസാണ് തങ്ങൾക്കുള്ളതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്.
തദ്ദേശ സ്ഥാപനം, റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സംശയം നാട്ടുകാർക്കുണ്ട്.
ഖനനം പൂട്ടിയ ക്വാറിയുടെ മറുചെരിവിൽ❗
ഭൂമി വിണ്ടുകീറിയതിനെത്തുടർന്ന് പൂട്ടിയ പാത്തൻപാറ ക്വാറി ഇതേ മലയുടെ മറുചെരിവിലാണ്. വലിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ട പാത്തൻപാറയിൽ ആശങ്കയോടെയാണ് ഇപ്പോഴും ആളുകൾ കഴിയുന്നത്.
ഉരുൾപൊട്ടൽ തുടർക്കഥ❗
കവരപ്ലാവ് ഉൾപ്പെടുന്ന മുന്നൂർ കൊച്ചിമല ഉരുൾപൊട്ടലിന്റെ കേന്ദ്രമാണ്. 1998-നു ശേഷം ചെറുതും വലുതുമായ 16 ഉരുൾ പൊട്ടലുകൾ മലയിൽ ഉണ്ടായിട്ടുണ്ട്.
2018-ൽ ഉരുൾപൊട്ടലിൽ റോഡും പാലവും ഒഴുകിപ്പോയിരുന്നു. ഗ്രാമപ്പഞ്ചായത്ത് ലോറികളിൽ എത്തിച്ചാണ് കഴിഞ്ഞ വേനലിൽ കുടിവെള്ളം വിതരണം ചെയ്തത്. വേനൽ തുടങ്ങുന്നതോടെ മുൻപൊരിക്കലും വറ്റാത്ത നീരുറവകളും തോടും വരളുന്നതും കുടിവെള്ള ക്ഷാമത്തിന് കാരണമാക്കിട്ടുണ്ട്.
വനം തൊട്ടടുത്ത്❗
കരാമരംതട്ട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള മുന്നൂർ കൊച്ചി വനത്തോട് ചേർന്നാണ് ക്രഷർ സ്ഥാപിക്കുന്നത്.
വന്യജീവി ആക്രമം മൂലം പൊറുതിമുട്ടിക്കഴിയുകയാണ് പ്രദേശവാസികൾ. ക്രഷറും കരിങ്കൽ ഖനനവും തങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.