ലഹരി വില്‍പ്പനക്കെതിരെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനയുമായി പൊലീസ്
ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേരെ പിടികൂടുകയും എം.ഡി.എം.എയും കഞ്ചാവും ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
സംസ്ഥാനത്ത് ലഹരി വില്‍പ്പന വ്യാപകമാകുന്നൂവെന്ന് ഉറപ്പായതോടെയാണ് ഏറെക്കാലത്തിന് ശേഷമുള്ള പൊലീസിന്റെ കടുത്ത നടപടി. സ്ഥിരമായി ലഹരി വില്‍പ്പന നടത്തുന്നവരെയും അവരുടെ ഇടനിലക്കാരെയും ഒരാഴ്ചയിലേറെയായി നിരീക്ഷിക്കുകയായിരുന്നു. ലഹരി വില്‍പ്പന നടത്തിയതിന് നേരത്തെ പിടിയിലാവുകയും ജയിലില്‍ നിന്നിറങ്ങി വീണ്ടും ലഹരി ഇടപാട് നടത്തുന്നവരെയുമാണ് പ്രധാനമായും ലക്ഷ്യംവച്ചത്. ഇത്തരത്തില്‍ ആയിരത്തി അഞ്ഞൂറിലേറെപ്പേരുടെ പട്ടിക എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ തയാറാക്കി. റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ ഓരോ പൊലീസ് സ്റ്റേഷനിലും പരിശോധനക്ക് പ്രത്യേകസംഘം രൂപീകരിച്ച് ഇന്നലെ രാത്രി ഒരേസമയം 1373 ഇടങ്ങളില്‍ പൊലീസ് കയറി.
246 ഇടങ്ങളില്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തതോടെ 244 പേരെ അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്, 61, ആലപ്പുഴയില്‍ 45വും ഇടുക്കിയില്‍ 32വും തിരുവനന്തപുരം സിറ്റിയില്‍ 21വും പേരെ പിടികൂടി. സംസ്ഥാനത്താകെ 81.46 ഗ്രാം എം.ഡി.എം.എയും 10.35 കിലോ കഞ്ചാവും 5 ഗ്രാം ഹാഷിഷ് ഓയിലും 66 കഞ്ചാവ് ബീഡിയും പിടികൂടി. സ്ഥിരമായി ലഹരി വില്‍പ്പന നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടലും കരുതല്‍ തടങ്കലും ഉള്‍പ്പടെയുള്ള കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.