മോഷ്ടിക്കാൻ പദ്ധതിയിടുന്ന സ്ഥലത്തെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അടക്കം വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കും, തുടർന്ന് മോഷണം. ഇന്ന് പുലർച്ചെ കട്ടപ്പന നരിയംപാറയിലെ കടയിൽ നിന്ന് തസ്കരൻ അപഹരിച്ചത് ഒരു ലക്ഷം രൂപ
ഹൈറേഞ്ചിൽ വീണ്ടും മോഷണം പതിവാകുന്നു.കട്ടപ്പന നരിയമ്പാറയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് മോഷ്ടാവ് ഒരു ലക്ഷം രൂപയോളം അപഹരിച്ചു.ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത മോഷ്ടാവ് സമീപത്തെ സി.സി. ടി.വി. ക്യാമറകൾ ദൃശ്യങ്ങൾ ലഭിക്കാത്ത വിധം തിരിച്ച് വെച്ചാണ് മോഷണം നടത്തിയത് ശനിയാഴ്ച പുലർച്ചെ 2.45 നാണ് സംഭവം . എന്നാൽ മുഖം മൂടി ധരിച്ച മോഷ്ടാവ് കടയിൽ കയറുന്നത് സി.സി. ടി.വി. ദ്യശ്യങ്ങളിൽ വ്യക്തമാണ്. കടയുടമ സുഹൃത്തിന് നൽകാനായി വച്ചിരുന്ന പണമാണ് നഷ്ടമായത്.ഡോഗ് സ്ക്വാഡും ,ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.മുഖം മൂടി ധരിച്ച മോഷ്ടാവ് കഴിഞ്ഞ ഏതാനും മാസങ്ങക്കിടയിൽ നിരവധി മോഷണങ്ങളാണ് ഗ്രാമീണ മേഖലകളിൽ നടത്തിയത്.മോഷണം നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിക്കുന്നതാണ് തസ്കരന്റെ രീതി.തുടർന്ന് മുഖമൂടി ധരിച്ച് മോഷണം നടത്തും.സി.സി. ടി.വി. ദൃശ്യങ്ങൾ ലഭിച്ചാലും മോഷ്ടാവിനെ തിരിച്ചറിയാൻ പൊലീസിന് കഴിയാറില്ല.കഴിഞ്ഞ മാർച്ച് എട്ടിന് ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു.