വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിലായി
നരിയംപാറ കണ്ണംപള്ളിൽ ജിയോ ജോർജാണ് പിടിയിലായത്.ഇയാളാണ് കേസിലെ ഒന്നാം പ്രതിയ്ക്ക് കുറ്റകൃത്യത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത്.ഏതാനും മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളാണ് ഇരട്ടയാർ ഇടിഞ്ഞമലയിൽ ഗ്യാസ് ഏജൻസി നടത്തുന്ന കറുകച്ചേരിൽ ജെറിൻ എന്നയാൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചത്.നൂറ്റി അൻപത് പേരെയോളം ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ ശേഷമായിരുന്നു ചിത്രം പ്രചരിപ്പിച്ചത് .അപമാനം നേരിട്ടതോടെ യുവതി തങ്കമണി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെറിൻ അതിഥി തൊഴിലാളിയുടെ സിം കാർഡ് കൈക്കലാക്കി കുറ്റകൃത്യം നടത്തുവാനായി സഹായിച്ച സഹോദരൻ ജെബിൻ എന്നിവർ അറസ്റ്റിലായത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് രണ്ടാം പ്രതി നരിയംപാറ കണ്ണംപള്ളിൽ ജിയോയെയും ഇന്ന് പൊലീസ് പിടികൂടിയത്.ഇയാളാണ് മോർഫ് ചെയ്യാൻ ഒന്നാം പ്രതിയെ സഹായിച്ചത്.ജെറിന് മൊബൈൽ ഫോൺ വാങ്ങി നൽകിയതും ജിയോ ആണെന്ന് തങ്കമണി എസ്എച്ച്ഒ കെ .എം സന്തോഷ് പറഞ്ഞു.കുറ്റകൃത്യം നടത്തുവാനായി മൊബൈൽ ഫോൺ വാങ്ങിയ കട്ടപ്പനയിലെ മൊബൈൽ ഷോപ്പിൽ രണ്ടാം പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചിരുന്നു. ചിത്രങ്ങൾക്കൊപ്പം പ്രചരിച്ച ശബ്ദ സന്ദേശവും ജിയോയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.