സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സഭാമക്കള്‍ മുന്നിട്ടിറങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. പട്ടയ ഭൂമിയില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടരൂപീകരണം ശ്രദ്ധയോടെ വേണം. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് നവീന സംരംഭങ്ങളിലേക്കു യുവതലമുറയെ ആകര്‍ഷിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്യണം. മദ്യം, മയക്കു മരുന്ന് പോലുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ ജാഗ്രത ആവശ്യമാണ്. വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ശരിയായ അവബോധം നല്‍കേണ്ടതുണ്ട്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ ഇതുവരെ നടപ്പാക്കാത്തതില്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. വിദ്യാഭ്യാസം, തൊഴില്‍, വരുമാനം തുടങ്ങി വിവിധ പ്രശ്ങ്ങളില്‍ അതിജീവനം ആശങ്കയിലായിരിക്കുന്ന ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ജെ.ബി. കോശി കമ്മീഷനെ കാണുന്നത്. ക്രോഡീകരിച്ച അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇത്തരൊമൊരു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപ്പാക്കിയാല്‍ ക്രൈസ്തവ സമുദായത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്കു പരിഹരമാകുമെന്നു ഏറെ പേരും കരുതുന്നു. ക്രൈസ്തവ സമുദായവും സാമുദായ നേതൃത്വവും ഏറെ ശുഭ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. സാമ്പത്തിക സാമൂഹിക പരിരക്ഷ ഉറപ്പാക്കാന്‍ ഇത്തരൊമൊരു കമ്മീഷനെ ഏറെ കാലത്തെ ശ്രമകരമായ അധ്വാനത്തിലാണ് നിയോഗിക്കപ്പെട്ടത്. അര്‍ഹമായ നീതി, സമസ്തമേഖലയിലും നടപ്പാക്കപ്പെടണമെന്നു ആഗ്രഹിക്കുന്ന ക്രൈസ്തവ സമുദായത്തിന് ഏറെ വേദന ഉളവാക്കുന്നതാണ് റിപ്പോര്‍ട്ട് നടപ്പാക്കാതെ വൈകിപ്പിക്കുന്നത്. ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ജോസ് ആന്റണി അവതരിപ്പിച്ച പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വികാരി ജനറാളും ചാന്‍സിലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും മെര്‍ലിന്‍ സാജന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിദേശ പഠനവും യാഥാര്‍ത്ഥ്യവും, മയക്കുമരുന്നിന്റെ മാരക ഭീഷണി, ബിസിനസ് സംരംഭകത്വത്തിന്റെ ആവശ്യകത എന്നി വിഷയങ്ങളെ ആസ്പദമാക്കി റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ബിജി ജോര്‍ജ് കനകമംഗലം, എബിന്‍ ജോണ്‍ വര്‍ഗിസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച സിസ്റ്റര്‍ ജിജി പുല്ലത്തിലിനെ സമ്മേളനത്തില്‍ ആദരിച്ചു. പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, അഡ്വ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. തുടങ്ങിയവര്‍ പ്രസംഗിച്ചു