ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗികാരം
നെടുങ്കണ്ടം: ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ് അംഗികാരം ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ദേശീയ അംഗികാരം
ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്. സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സ നല്‍കിയാണ് ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം ശ്രദ്ധനേടിയിരിക്കുന്നത്. 2019 മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കുടുംബാരോഗ്യകേന്ദ്രത്തിനെ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. ഒപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫിസ് നിര്‍വഹണം തുടങ്ങിയ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനവും അംഗീകാരത്തിന് കാരണമായി. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തന മികവ് മാര്‍ച്ചില്‍ കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തിയിരുന്നു. നൂറില്‍ 92.06 മാര്‍ക്ക് കരസ്ഥമാക്കിയാണ് ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം നേട്ടം കരസ്ഥമാക്കിയത്.