നാട്ടുവാര്‍ത്തകള്‍
ആശങ്ക; തിങ്കളാഴ്ച ഉപ്പുതറയിൽ 71 കോവിഡ് രോഗികൾ
ഉപ്പുതറ: ആശങ്ക ഉയർത്തി ഉപ്പുതറയിൽ അനുദിനം കോവിഡ് രോഗികൾ വർദ്ധിക്കുന്നു.
തിങ്കളാഴ്ച 192 പേരിൽ നടത്തിയ പരിശോധനയിൽ 71 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ മറ്റു പഞ്ചായത്തിലുള്ളവരാണ്. കൃഷിഭവനിൽ നടത്തിയ ക്യാമ്പിൽ പരിശോധിച്ച 153 പേരിൽ 52 പേർക്കും കോവിഡ് പോസിറ്റീവാണ്. കൺടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്ന ആറാം വാർഡിൽനിന്നുള്ളവരാണ് പരിശോധനയ്ക്ക് എത്തിയവർ. 11 പേർ അഞ്ചാം വാർഡിൽനിന്നുള്ളവരാണ്.
കഴിഞ്ഞ ദിവസങ്ങളിൽ 20-നും 30-നും ഇടയിലായിരുന്നു രോഗികൾ. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം രോഗികളുടെ വർധനയുണ്ടാകുന്നത്. സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിച്ചാലും ഉപ്പുതറയിൽ നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടിവരും. രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നതിൽ പഞ്ചായത്തിന്റെ പ്രവർത്തനത്തിലുള്ള ഏകോപനമില്ലായ്മയും പ്രകടമാണ്.