കുവൈറ്റില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി; പതിനാല് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. ഗുരുതരമായ നിയമ ലംഘനം നടത്തിയ 14 സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചത്. ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. വിവിധ ലൈസന്‍സുകളുടെ അഭാവം, മതിയായ പരിശീലനം നേടാത്ത ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് വിവിധ സ്ഥാപനങ്ങളില്‍ കണ്ടെത്തിയത്.
ഈ ക്ലിനിക്കുകളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഉളളവരെ മാത്രമെ ക്ലിനിക്കുകളിലും മെഡിക്കല്‍ സെന്ററുകളിലും നിയമിക്കാന്‍ പാടുളളുവെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.