പെരിയാർ കാടിനു ചുറ്റും വേട്ടക്കാർ: ആനക്കൊമ്പുകളും ഇറച്ചിയും കണ്ടെടുത്ത് വനപാലകർ
രാജ്യത്തെ പ്രമുഖ കടുവ – വന്യജീവി സങ്കേതത്തിനു ചുറ്റും വേട്ടക്കാർ താവളമാക്കിയത് ആശങ്ക വർദ്ധിപ്പിക്കുന്നു.
വനം വകുപ്പ് ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 5 ആനക്കൊമ്പുകളും മ്ലാവ് ഇറച്ചിയും മ്ലാവിൻ്റെ കൊമ്പുകളും.
ഇതിനോടകം വിവിധ കേസുകളിലായി 10 പേർ അറസ്റ്റിലാവുകയും ചെയ്തു.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ നിന്നും പുറതെത്തിയ മ്ലാവിനെ വെടിവെച്ചു വീഴ്ത്തിയ സംഭവം പുറം ലോകം അറിഞ്ഞതോടെയാണ് വനപാലകർ സജീവമായത്.
കോട്ടയം ഡിഎഫ്ഒ.
എൻ.രാജേഷിൻ്റെ മേൽനോട്ടത്തിൽ എരുമേലി റേഞ്ച് ഓഫീസർ ബി.ആർ.ജയനും സംഘവും ദിവസങ്ങൾക്കുള്ളിൽ മ്ലാവ് വേട്ട സംഘത്തിലെ 4 പേരെ 120 കിലോ മ്ലാവ് ഇറച്ചിയും തോക്കും തിരകളുമായി പിടികൂടിയിരുന്നു.
വർഷങ്ങളായി മ്ലാവ്, കേഴ, പന്നി, കൂരമാൻ, കരിങ്കുരങ്ങ്, മുയൽ, മരപ്പട്ടി ഉൾപ്പടെ ജീവികളെ കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തിയിരുന്ന വലിയ സംഘത്തിലെ കണ്ണികളെയാണ് ദിവസങ്ങൾക്കുള്ളിൽ റേഞ്ച് ഓഫീസറും സംഘവും ഈ മാസം 12 ന് പിടികൂടിയത്.
വേട്ട സംഘം നൽകിയ ഇറച്ചി ഉണക്കി വിദേശത്തേക്കു വരെ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നതായാണ് വിവരം.
വർഷങ്ങളായി വേട്ടക്കാരിൽ നിന്നും ഇറച്ചി വാങ്ങിയിരുന്ന ഉന്നതൻമാരുൾപ്പടെ 25 പേരുടെ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും നിരീക്ഷണം തുടരുകയാണ്.
വേട്ട സംഘത്തിൻ്റെ വ്യാപ്തിയിൽ വനപാലകരും നാട്ടുകാരും ഞെട്ടിയതിനു പിന്നാലെ കുമളി വഴി തമിഴ്നാട്ടിൽ വിൽപ്പനയ്ക്കെത്തിച്ച 3 ആനക്കൊമ്പുകളുമായി ഒരു മലയാളി ഉൾപ്പടെ 2 പേരെ തമിഴ്നാട് വനപാലകർ അറസ്റ്റു ചെയ്തിരുന്നു.
വനം വകുപ്പിൻ്റെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസുകളുടെ സഹായത്തോടെയായിരുന്നു ഈ മാസം 13ന് അറസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെയാണ് അധികൃതരെ ഞെട്ടിച്ച് പീരുമേട് പരുന്തുംപാറയിൽ നിന്നും രണ്ട് ആനക്കൊമ്പുകളുമായി 3 പേരെ എരുമേലി റേഞ്ച് ഓഫീസറും സംഘവും കഴിഞ്ഞ 16ന് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിക്ക് ആനക്കൊമ്പുകൾ കൈമാറാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.
ഇതേ ദിവസം കുമളി റേഞ്ച് ഓഫീസർ അനിൽ കുമാറും സംഘവും വണ്ടിപ്പെരിയാർ, തങ്കമല, മാട്ടുപ്പെട്ടി സ്വദേശിയെ 4 മ്ലാവിൻ്റെ കൊമ്പുകളുമായും അറസ്റ്റു ചെയ്തു.
വനം, വന്യ ജീവി സംരക്ഷണ പ്രവർത്തനങ്ങളിൽ ഇടക്കാലത്ത് ഉണ്ടായ അനാസ്ഥയാണ് വേട്ട സജീവമായതിനു പിന്നിൽ. ആനക്കൊമ്പുകൾ, മ്ലാവിൻ്റെ കൊമ്പുകൾ എന്നിവയെല്ലാം വനത്തിനുള്ളിൽ നിന്നും ശേഖരിച്ചതെന്ന വിവരം കടുവ സങ്കേതത്തിൻ്റെ നിലനിൽപ്പിനു തന്നെ വെല്ലുവിളി ഉയർത്തുന്നു.
ആനക്കൊമ്പുകൾ, മ്ലാവ്, പോത്ത് എന്നിവയുടെ ഇറച്ചികൾ, കൊമ്പ് എന്നിവയെല്ലാം വാങ്ങാനും വിദേശ രാജ്യങ്ങളിൽ വരെ എത്തിക്കാനും സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നത് വലിയ ആശങ്കയ്ക്കാണ് വഴി തുറന്നിട്ടുള്ളത്.