സഹജീവികള്‍ക്ക് കരുതലായി വ്യാപാരി വാട്സ്ആപ്പ് കൂട്ടായ്മ
നെടുംകണ്ടം: കോവിഡ് 19 മഹമാരികാലത്ത് സഹജീവികള്‍ക്ക് കരുതലായി മാതൃകയാവുകയാണ്
സമാന ചിന്താഗതിക്കാരായ ഒരു പറ്റം വ്യാപാരികളുടെ വാട്‌സാപ്പ് കൂട്ടായ്മ. പട്ടം കോളനിയുടെ വ്യാപാര കേന്ദ്രമായ തൂക്കുപാലത്തെ ഒരുപറ്റം വ്യാപാരികള്‍ 2020ലെ ലോക് ഡൗണ്‍ കാലത്ത് തുടക്കം കുറിച്ച ഈ സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ വീണ്ടും ലോക് ഡൗണ്‍ വരികയും വലിയ പ്രതിസന്ധികളിലേക്ക്് സമൂഹം തള്ളപ്പെടുകയും ചെയ്തപ്പോള്‍ സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് സഹായങ്ങള്‍ നല്‍കാന്‍ ഇവര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ലോക്ക്ഡൗണില്‍ മറ്റ് പല വിഭാഗം ആളുകളെയും സഹായിക്കാന്‍ വിവിധ സന്നദ്ധ സംഘടനകള്‍ അടക്കം രംഗത്ത് വന്നെങ്കിലും വ്യാപാരികളായ റേഷന്‍ കാര്‍ഡ് പോലും മുന്‍ഗണന വിഭാഗത്തിലായ ചെറുകിട വ്യാപാരികളുടെ അവസ്ഥ മനസിലാക്കാന്‍ ആരും എത്തിപ്പെട്ടില്ല. തൂക്കുപാലം കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ഇക്കൂട്ടര്‍ കൂടുതല്‍ ദുരിതത്തിലായി ഇതിന്റെ അടിസ്ഥാനത്തിലാണ്
നിത്യച്ചിലവിന് മാര്‍ഗം തേടി കച്ചവടം ചെയ്തിരുന്ന പെട്ടിക്കടക്കാര്‍ക്കും, ചെറുകിട വ്യാപാരികള്‍ക്കും
സഹായ ഹസ്തവുമായി യുവ വ്യാപാരികളുടെ കൂട്ടായ്മ രംഗത്ത് വന്നത്. മറ്റ് കേന്ദ്രങ്ങളിലോ, സംഘടനകളിലോ വിഷയം ഉന്നയിക്കുന്നതിന് പകരം ഇടത്തരം വ്യാപാരികളുടെ സഹായത്തോടെ 40 ഓളം വ്യാപാരികള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്ത് ആണ് വാട്സ്ആപ്പ് കൂട്ടായ്മ മാതൃകയായത്. അരി, പഞ്ചസാര, തേയില, ബേക്കറി, പച്ചക്കറികള്‍, തുടങ്ങി 30 ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഭഷ്യകിറ്റ് ആണ് വിതരണം ചെയ്തത്. ദുരിത സമയത്ത് കൈത്താങ്ങ് ആയി കിറ്റുകള്‍ ലഭിച്ചവര്‍ നന്ദി അറിയിച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്തപ്പോഴാണ് ഈ നന്മ പ്രവര്‍ത്തി പുറം ലോകം അറിഞ്ഞത്.
2020 ല്‍ കൂട്ടായ്മ രൂപികരിച്ചതിന് ശേഷം സ്‌കൂളുകളിലും, നിര്‍ധനരായ വിദ്യാര്‍ഥികളുടെവീടുകളിലും ടി.വികളും, മൊബൈല്‍ ഫോണുകളും, സാധാരണക്കാര്‍ക്ക് മരുന്നുകളും ഭക്ഷ്യധാന്യങ്ങളും നല്‍കി കാരുണ്യ പ്രവൃത്തികള്‍ നടത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അടങ്ങിയ അറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, അണുനശീകരണം നടത്തുന്നതിനും കൂട്ടായ്മ മുന്നിട്ടിറങ്ങിയിരുന്നു. ടൗണിലെ തന്നെ വ്യാപരികളായ ദിലീപ് എന്‍വീസ്, കെ.എ.അന്‍സാരി, പി.എസ്. സിജു, ഹനീസ്, ഷിജി അറക്കുളം എന്നിവരുടെ നേതൃത്വത്തിലാണ് വാട്‌സ് ആപ്പ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.