വിശ്വകര്‍മജരുടെ സാമുദായ ഉന്നമനത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
അഖില കേരള വിശ്വകര്‍മ മഹാസഭ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ നടത്തിയ വിശ്വകര്‍മ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹാത്തായ സൃഷ്ടികളില്‍ ഏറെയും വിശ്വകര്‍മരുടെ സംഭാവനയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂവിനിയോഗ ഭേദഗതി ബില്ലിലൂടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയാണ്. പട്ടയവിഷയങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന് അറുതിയാകുന്നു. ഭൂവിനിയോഗ ഭേദഗതി ബില്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച എം എം മണി എംഎല്‍എയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വിശ്വകര്‍മജര്‍ അവഗണിക്കാനാകാത്ത ജനവിഭാഗമാണെന്ന് എം എം മണി എംഎല്‍എ. സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രധാന നിര്‍മിതികളെല്ലാം വിശ്വകര്‍മജരുടെ സംഭാവനകളാണ്. തൊഴിലാളികളായ സമുദായ അംഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടേതുണ്ട്. ഇക്കാര്യത്തില്‍ സംഘടിച്ചുനില്‍ക്കണമെന്നും അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാനുള്ള പരിശ്രമം നടത്തണമെന്നും എം എം മണി പറഞ്ഞു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ ആര്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. സഭ സംസ്ഥാന ട്രഷറര്‍ കെ മുരളീധരന്‍, ജില്ലാ പ്രസിഡന്റ് കെ കെ സത്യദേവന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ധന്യ അനില്‍, ഐബിമോള്‍ രാജന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി സത്യന്‍, ഇ എസ് ബിജു, ടി സി ഗോപാലകൃഷ്ണന്‍, അശോകന്‍ മാഞ്ചിറയ്ക്കല്‍, പുഷ്പ ബിജു, ജയ രാജു തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ ശിവദം സംഘത്തിന്റെ മെഗാ തിരുവാതിര കളിയും കട്ടപ്പന ഇന്‍ഡോട്ട് റിതത്തിന്റെ ഗാനമേളയും അരങ്ങേറി.