വെള്ളത്തൂവലിനെ വിറങ്ങലിപ്പിച്ച ഒരു കറുത്ത ദിനം..2007 സെപ്റ്റംബര്‍ 17,. പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം. കുത്തൊഴുക്കിന്റെ കരാള ഹസ്തങ്ങൾ എട്ട് മനുഷ്യജീവനുകൾ കവർന്നെടുത്തിട്ട് 16 വർഷം
2007 സെപ്റ്റംബര്‍ 17, സമയം വൈകുന്നേരം നാലര… മുതിരപ്പുഴയാറിലെ വെള്ളത്തിന്റെ മൃദുതാളത്തിനൊപ്പം ഉച്ചമയക്കത്തിലായിരുന്നു വെള്ളത്തൂവല്‍ എന്ന കൊച്ചു ഗ്രാമം. പൊടുന്നനെയുണ്ടായ വലിയൊരു ശബ്ദം കേട്ട് ഉറവിടം തേടി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഭീതീജനകമായ കാഴ്ചയാണ്.
“ഉരുള്പൊട്ടിയാതാണ്; അല്ല ഭൂമികുലുക്കമാണ്” എന്ന് ചിലർ. “പവര്‍ഹൗസിന്റെ ആനപൈപ്പ് പൊട്ടിയതാ!” എന്ന് മറ്റു ചിലർ പറഞ്ഞപ്പോഴാണ് എല്ലാവരും അത് ഞെട്ടലോടെ മനസ്സിലാക്കിയത് – പന്നിയാര്‍ വൈദ്യുതി നിലയത്തിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിത്തകർന്ന്, പൊന്മുടി അണക്കെട്ടിലെ വെള്ളം മലവെള്ളപ്പാച്ചിലായി ഗ്രാമത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു! നിമിഷങ്ങള്‍ക്കകം ആ വെള്ളപാച്ചില്‍ മലകളിടിച്ചുകൊണ്ട് താഴേ മുതിരപ്പുഴയാറ്റിലേക്ക് പതിച്ചു തുടങ്ങി.
ആറുമണിയായിട്ടും വെള്ളത്തിനെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പന്നിയാര്‍ പവര്‍ഹൗസിന്റെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന , ചെങ്കുളം പവര്‍ഹൗസിലെ ചില ജീവനക്കാര്‍ മലകയറി എത്തി, വെള്ളത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വാല്‍വുഹൗസില്‍ നടത്തിക്കൊണ്ടിരുന്നു. അല്പസമയം വെള്ളം നിന്നപ്പോൾ എല്ലാവരും ആശ്വാസപെട്ടു. പക്ഷേ വലിയൊരു ശബ്ദത്തോടെ വെള്ളം ഗതിമാറിയൊഴുകി, ഇരുഭാഗങ്ങളില്‍ നിന്നുമായി വലിയ അളവിൽ പ്രവഹിയ്ക്കാൻ തുടങ്ങി. വന്‍ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും കണ്ട് ജീവന് രക്ഷിക്കാനായി നെട്ടോട്ടമോടിയ ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റപ്പെട്ടു. പള്ളികളില്‍ നിന്നും അപകട സൂചന നല്കി മണിമുഴക്കം കേട്ടത് സ്ഥലനിവാസികൾ ഇന്നും ദുഖത്തോടെ ഓർക്കുന്നു.
“”***അപകടകാരണം
അണക്കെട്ടിൽ നിന്നുള്ള വെള്ളം പെന്‍സ്റ്റോക്ക് പൈപ്പുകളിലേക്കു കടത്തിവിടുന്ന ജലവിതരണ സംവിധാനം “ഇൻറ്റേക്ക് ഷട്ടർ” അടക്കാനുള്ള ജീവനക്കാരുടെ ശ്രമം പാളുകയാണുണ്ടായത്. ഇതോടെ ഇൻറ്റേക്കിനും, ജലവൈദ്യുത നിലയത്തിനും ഇടയിലായുള്ള വാൽവ് ഹൗസിൽ ചില ജീവനക്കാർ എത്തി ബട്ടർഫ്ലൈ വാൽവ് അടക്കാൻ ശ്രമം നടത്തി. എന്നാൽ മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ബട്ടര്‍ഫ്ളൈ വാല്‍വും തകരുകയായിരുന്നു. ആ എട്ടു ജീവനക്കാരും വാല്‍വുഹൗസില്‍ കുടുങ്ങി, അവരെയും കറക്കിയെടുത്താണ് വെള്ളം കുതിച്ചുചാടിയത്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന ജോര്‍ജ് ജോസഫ് എന്ന ജീവനക്കാരനാണ് സഹപ്രവര്‍ത്തകര്‍ വാല്വു ഹൗസില്‍ അകപ്പെട്ട വിവരം പുറംലോകത്തോട് പറഞ്ഞത്. പനി കാരണം തക്കനേരത്ത് എത്താൻ സാധിക്കാതെ വന്ന ജോസഫ് മാത്രം ആ വലിയ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെടുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ നാട്ടുകാരുടെ സഹായത്തോടെ ഏറെ കഷ്ടപ്പെട്ടാണ് പൊന്മുടി അണക്കെട്ടിൽ നിന്നുള്ള ഇൻറ്റേക്ക് ഷട്ടർ അടച്ച്, ജലവിതരണ സംവിധാനങ്ങള്‍ നിശ്ചലമാക്കി, ജീവനക്കാർ വെള്ളത്തിന്റെ ഒഴുക്ക് കുറച്ചത്. വെള്ളം നിലച്ചതോടെ വാല്‍വുഹൗസില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു, പക്ഷേ ജീവൻ രക്ഷിക്കാൻ ഒരു വഴിയുമില്ലായിരുന്നു. പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർ ഹൗസുകളിൽ ജോലി നോക്കിയിരുന്ന സംസ്ഥാന വൈദ്യുതി ബോർഡിൻറെ (കെ.എസ്.ഇ.ബി) എട്ട് ജീവനക്കാരാണ് മരിച്ചത്.
1. നേര്യമംഗലം പവർഹൗസിലെ അസി: എൻജിനീയർ കൊരട്ടി കരയാംപറമ്പിൽ എ.എൽ. ജോസ്
2. വെള്ളത്തൂവൽ പുത്തൻ പുരക്കൽ റെജി
3. തോക്കുപാറ സ്വദേശി മാക്കൽ ജോബി
4. ശല്യാംപാറ തൊണ്ടിനേത്ത് ഷിബു
5. പന്നിയാർകുട്ടി കാനത്തിൽ സണ്ണി
6. നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോൺ
7. കുറുപ്പുംതറ സ്വദേശി ജിയോ സേവ്യർ
8. നാരകക്കാനം സ്വദേശി കൂട്ടുങ്കൽ ജെയ്സണ്‍
*** നാശനഷ്ടങ്ങൾ***
ആഴ്ചകൾ നീണ്ടുനിന്ന തിരച്ചിലിലാണ് പലരുടേയും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. ഇതിൽ ജെയ്സണ്‍ന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. 150 എക്കറോളം കൃഷിയും 15 ലേറെ പേരുടെ വീടുകളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ നാമാവശേഷമായി. മുപ്പത്തിരണ്ട് വീടുകള്‍ ഭാഗീകമായും തകർന്നു. റോഡുകൾക്കും നാശമുണ്ടായി. വൈദ്യുതി വിതരണവും ടെലിഫോൺ കണക്ഷനും തടസ്സപ്പെട്ടു. പൊൻമുടി-രാജാക്കാട് റൂട്ടിലെ വാഹന ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത പ്രഭാതത്തില്‍ പന്നിയാര്‍ വൈദ്യുതി നിലയവും ആ പ്രദേശവും മുഴുവനായി ചെളിയില്‍ മൂടപ്പെട്ടിരുന്നു. ഇതോടെ തകരാറിലായ പവർ ഹൗസിന്റെ പ്രവർത്തനം 2 വർഷത്തിന് ശേഷമാണ് പുനരാരംഭിക്കാനായത്.