കൈമടക്ക്’ ശീലമാക്കി 712 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; പൂട്ടാനൊരുങ്ങി വിജിലന്‍സ്
സ്ഥിരമായി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 712 ഉദ്യോഗസ്ഥര്‍ വിജിലന്‍സ് നിരീക്ഷണത്തില്‍. ഏറ്റവും കൂടുതല്‍ റവന്യു വകുപ്പിലും തൊട്ടു പിന്നില്‍ പഞ്ചായത്ത്, മോട്ടോര്‍ വാഹന വകുപ്പിലുമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുള്ളതെന്ന് കണക്കുകള്‍ പറയുന്നു. ട്രാപ്പുകേസുകള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കണക്ക് വിജിലന്‍സെടുത്തത്. നിലവില്‍ 14 ജില്ലകളിലായി 712 പേരെയാണ് വിജിലന്‍സ് നോട്ടമിട്ടത്. നിരന്തരം പരാതികളുയരുന്നതും സംശയത്തിന്‍റെ ആനുകൂല്യത്തില്‍ പലവട്ടം വിജിലന്‍സ് വലയില്‍ നിന്നും രക്ഷപ്പെട്ടവരുമാണ് പട്ടികയിലുള്ളത്. ഇവരെ വിജിലന്‍സ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പരാതിയുമായി പലരും മുന്നോട്ടുപോകാന്‍ മടിക്കുന്നതാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് രക്ഷയാകുന്നത്. അഴിമതിയുടെ തോതനുസരിച്ച് റാങ്കു പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് ശ്രമിച്ചെങ്കിലും വകുപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നു നടപ്പായില്ല.
242 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുള്ള റവന്യു വകുപ്പാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 180 പേര്‍ നിരീക്ഷണത്തിലുള്ള പഞ്ചായത്തു വകുപ്പും 175 പേരുള്ള മോട്ടോര്‍ വാഹനവകുപ്പും തൊട്ടു പിന്നിലുണ്ട്. ഫയലുകള്‍ കാരണമില്ലാതെ വെച്ചു താമസിപ്പിക്കുന്നെന്നു പരാതിയുയര്‍ന്നിട്ടുള്ള ഉദ്യോഗസ്ഥരേയും വിജിലന്‍സ് നോട്ടമിട്ടുണ്ട്.
ആരോഗ്യം റജിസ്ട്രേഷന്‍ വകുപ്പുകളിലും നിരീക്ഷണത്തിലായ ഉദ്യോഗസ്ഥര്‍ ഏറെയുണ്ട്. ഇക്കൊല്ലം ഇതുവരെ 39 ഉദ്യോഗസ്ഥര്‍ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 47 കേസുകളിലായി 53 പേരാണ് അറസ്റ്റിലായത്. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പേര്‍ കൈക്കൂലി കേസില്‍ കുടുങ്ങിയത് റവന്യു വകുപ്പില്‍ നിന്നായിരുന്നു.