‘മുഖം മിനുക്കലല്ല, വികൃതമാക്കല്‍’; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ എംപി. തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ലെന്നായിരുന്നു പരിഹാസം. മുഖം മിനുക്കാനാണ് മന്ത്രിസഭാ പുനഃസംഘടന എന്ന് പറയുന്നുണ്ടെങ്കിലും, മുഖം കൂടുതൽ വികൃതമാകുന്ന ലക്ഷണമാണ് കാണുന്നതെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.
മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ഇടത് സര്‍ക്കാരിന്‍റെ മുഖം കൂടുതല്‍ വികൃതമാക്കും. പല കേസിലും പ്രതികളായവരാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാൽ ആ കൂട്ടത്തിൽ ഒരാൾ കൂടിയാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. മന്ത്രിസഭാപുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, വർഷംതോറും സ്പീക്കറെ മാറ്റുന്ന രീതി ശരിയല്ലെന്നും കൂട്ടിച്ചേർത്തു.
‘ചിലർ പുറത്തുപോകുന്നു, ചിലർ വരുന്നു എല്ലാം ഊഹാപോഹങ്ങളാണ്. ഞങ്ങൾക്ക് ഇതിൽ ഒരു താത്പര്യവുമില്ല. വീണ്ടും സ്പീക്കറെ മാറ്റുമെങ്കിൽ ഇത് മൂന്നാമത്തെ സ്പീക്കറെ ആകും തെരഞ്ഞെടുക്കുക. മന്ത്രിസഭ പോലെയല്ല, എം.എൽ.എമാർ വോട്ട് ചെയ്തിട്ടാണ് സ്പീക്കറെ തെരഞ്ഞെടുക്കേണ്ടത്. സ്പീക്കർ എന്നത് നിഷ്പക്ഷമായ ഒരു പദവിയാണ്, അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശരിയല്ല എന്ന് വി.എസ്. അച്യുതാന്ദൻ പറഞ്ഞിട്ടുണ്ട്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്’- കെ മുരളീധരൻ പറഞ്ഞു.