മഴക്കാല പൂര്‍വ്വ മുന്നൊരുക്കം; ശുചീകരണവും പ്രതിരോധ മരുന്ന് വിതരണവുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍


മഴക്കാല പൂര്‍വ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും ശുചീകരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. തൊടുപുഴ നഗരസഭയില്‍ ടൗണ്‍ കേന്ദ്രീകരിച്ചുളള പ്രവൃത്തികളാണ് ഞായറാഴ്ച പ്രധാനമായും നടന്നത്. തൊടുപുഴ നഗരസഭാ ബസ് സറ്റാന്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ കാട് വെട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ.കരീം, കൗണ്‍സിലര്‍മാരായ ജോസ്, ഷീന്‍ വര്‍ഗ്ഗീസ് എന്നിവരും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരുും നഗരത്തില്‍ നടത്തിയ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൊടുപുഴ നഗരസഭ പരിധിയില്‍ വരുന്ന ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം വാര്‍ഡ് തലത്തിലും ശുചീകരണ ജോലികളും നടക്കുന്നുണ്ട്.

ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇടവെട്ടി പിഎച്ച്‌സിയും പരിസരങ്ങളും പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പൂമാല – തൊടുപുഴ റോഡിന്റെ വശങ്ങളിലെ ഓടയുമാണ് ‘ഡ്രൈ ഡേ’ യുടെ ഭാഗമായി വൃത്തിയാക്കിയത്. ഇതിന് പുറമേ മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ തടയാന്‍ എല്ലാ വാര്‍ഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, പഞ്ചായത്തംഗങ്ങളായ അജ്മല്‍ ഖാന്‍ അസീസ്, അസീസ് ഇല്ലിക്കല്‍, ബിന്‍സി മാര്‍ട്ടിന്‍, ലത്തീഫ് മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജയന്‍, സന്നദ്ധ പ്രവര്‍ത്തകരായ ഷമീര്‍, അഷറഫ്, ശരീഫ്, അജിനാസ്, സക്കീര്‍, ഷാജി തുടങ്ങിവര്‍ നേതൃത്വം നല്‍കി.

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനോടനുബന്ധിച്ച് ഞായറാഴ്ച ‘ഡ്രൈ ഡേ’ ആചരിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസും പരിസവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ലാലി ജോസി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെമീന അബ്ദുള്‍ കരീം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു കുട്ടപ്പന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് ദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, കാഞ്ഞാര്‍ ജനമൈത്രി പോലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

മഴക്കാല പൂര്‍വ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി കുമാരമംഗലം പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലേക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പ്രതിരോധ മരുന്നുകള്‍ അതാതു വാര്‍ഡിലെ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതല സമിതി അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിച്ച് നല്‍കും. കുമാരമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷെമിന നാസര്‍ പഞ്ചായത്തംഗങ്ങള്‍ക്ക് മരുന്ന് കൈമാറി. വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ രാജശേഖരന്‍, വികസനകാര്യ ചെയര്‍മാന്‍ ഗ്രേസി, ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബിന്‍, പഞ്ചായത്തംഗങ്ങളായ ശരത്, സാജന്‍, ജിന്റു, അലി, ലൈല, സുനിത, മായ, സുമേഷ്. ഏഴല്ലൂര്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ രമ്യ, ഫര്‍മസിസ്‌ററ് ഉമ എന്നിവര്‍ പങ്കെടുത്തു.
ഞായറാഴ്ച്ച നടന്ന ശുചീകരണത്തിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിലെ ചിലവ് – ചവര്‍ണ്ണ തോട് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, പഞ്ചായത്തംഗം റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തൊട് ശുചീകരിച്ചത്. ഇതൊടൊപ്പം എല്ലാ വാര്‍ഡുകളിലും വാര്‍ഡ് തല സമിതികളുടെ നേതൃത്വത്തില്‍ മഴക്കാലപൂർവ്വ മുന്നൊരുക്ക ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.