‘അംബേദ്കർ ഒരു പട്ടികജാതിക്കാരൻ, ഭരണഘടനാ ശില്പിയെന്ന് വിളിക്കുന്നവർക്ക് വട്ട്’; അപകീർത്തി പരാമർശത്തിൽ മുൻ വി.എച്ച്.പി നേതാവ് അറസ്റ്റിൽ
ബി.ആർ അംബേദ്കറിനെ അപമാനിച്ച വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് ആർബിവിഎസ് മണിയൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി തമിഴ്നാട് ഘടകത്തിന്റെ മുൻ വൈസ് പ്രസിഡന്റ് മണിയൻ അംബേദ്കറെ ജാതീയമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും അംബേദ്കറെ ഭരണഘടനാ ശില്പിയെന്ന് വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയൻ്റെ പരാമർശം. ‘പലരും അംബേദ്കറെ സ്തുതിക്കുന്നത് ഞാൻ കാണാറുണ്ട്. ഭരണഘടനയ്ക്ക് ഒരു സംഭാവനയും ചെയ്ത ആളല്ല അംബേദ്കർ. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അദ്ദേഹം ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാൻ പാടുള്ളു. ഭരണഘടനാ ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണ്’ – മണിയൻ പറഞ്ഞു.
ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153, 505 വകുപ്പുകളും മറ്റ് വകുപ്പുകളും സെക്ഷൻ 3 പ്രകാരവും എസ്‌സി-എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരിക്കുന്നത്.