ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്ബോൾ ടീമിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് എത്തില്ല
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് എത്തില്ലെന്ന് റിപ്പോര്‍ട്ട്. കളിക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎസ്എല്‍ ക്ലബ്ബുകളും തമ്മിലുള്ള തര്‍ക്കം തുടരുന്നിതിടെയാണ് സ്റ്റിമാക് ടീമിനൊപ്പം എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
സ്‌ക്വാഡില്‍ മികച്ച താരങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സ്റ്റിമാക്. നിയമമനുസരിച്ച് ഓരോ രാജ്യവും മൂന്ന് സീനിയര്‍ താരങ്ങള്‍ക്കൊപ്പം അണ്ടര്‍ 23 ടീമിനെ ഇറക്കേണ്ടത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിങ്കന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവര്‍ ഏഷ്യന്‍ ഗെയിംസിന് തെരഞ്ഞെടുത്ത സ്‌ക്വഡിനൊപ്പം ഹാങ്ഷൗവിലേക്ക് പോകാന്‍ സാധ്യതയില്ല.
സെപ്റ്റംബര്‍ 21ന് ആരംഭിക്കുന്ന സീസണിന് മുന്‍പ് ഐഎസ്എല്‍ ടീമുകള്‍ അവരുടെ കളിക്കാരെ വിട്ടയക്കാന്‍ തയാറാകാത്തതിനാല്‍ പരിചയസമ്പന്നരായ മൂന്നു താരങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസ് നഷ്ടമാകും. സെപ്റ്റംബര്‍ 19നാണ് ഹാങ്ഷൗ ഗെയിംസില്‍ ഇന്ത്യ ആതിഥേയരായ ചൈനയെ നേരിടുന്നത്.