നിപ സാമ്പിൾ എന്തുകൊണ്ട് തോന്നക്കൽ വൈറോളജി ലാബിൽ പരിശോധിച്ചില്ലെന്ന് മുഖ്യമന്ത്രി; സാങ്കേതിക നടപടിയുടെ ഭാഗമായാണ് സാമ്പിൾ പൂനെക്ക് അയച്ചതെന്ന് ആരോഗ്യ മന്ത്രി
നിപ സാമ്പിൾ തോന്നക്കൽ വൈറോളജി ലാബിൽ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കോഴിക്കോട്ടെ ലാബിൽ നിപ സ്ഥിരീകരിച്ചെങ്കിലും പകർച്ച വ്യാധി പ്രഖ്യാപനത്തിൽ ഐസിഎംആർ പ്രോട്ടോകോൾ പ്രകാരം ഉള്ള സാങ്കേതിക നടപടിയുടെ ഭാഗമായാണ് സാമ്പിൾ പൂനെക്ക് അയച്ചതെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം. എന്നാൽ എല്ലാം സജ്ജമായിട്ടും തോന്നക്കലിലേക്ക് സാമ്പിളെത്താത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എന്തുകൊണ്ട് നിപ സാമ്പിൾ അയച്ചില്ല എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിയമസഭയിൽ’ വ്യത്യസ്ത നിലപാട് പറഞ്ഞത്. നിപ പോലെ മാരക വ്യാപന ശേഷിയുള്ള പകർച്ച വ്യാധികളിൽ പ്രഖ്യാപനം വരേണ്ടത് ബിഎസ്എൽ ലെവൽ 4 പദവിയുള്ള ലാബിൽ പരിശോധിച്ച ശേഷമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
സാങ്കേതികം എന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രി തുടങ്ങിയത്. എല്ലാ പരിശോധനക്കും തോന്നക്കൽ സജ്ജമാണ്. കൂടുതൽ സംവിധാനങ്ങളും വരുന്നുണ്ട്.ആദ്യം അയക്കാൻ തീരുമാനിച്ചെന്നും പിന്നീട് അയച്ചില്ലെന്നും പത്രവാർത്ത കണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപ പരിശോധന സംവിധാനത്തിലെ സാങ്കേതികത മുഖ്യമന്ത്രി വിശ്വാസത്തിലെടുത്തില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. വിരുദ്ധ നിലപാടിലൂടെ ആരോഗ്യ മന്ത്രിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ചികിത്സാ പ്രോട്ടോകോൾ അടക്കമുള്ള കാര്യങ്ങളിൽ പ്രതിപക്ഷവും ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചു.