Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നിപ്പ: “ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്”; പഴങ്ങൾ അപകടകാരികളോ, എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം?



കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്നു. ഭയപ്പെടുകയല്ല സാഹചര്യം മനസിലാക്കി പ്രതിരോധിക്കാൻ തയ്യാടെക്കുകയാണ് വേണ്ടത്. അതീവ ജാഗ്രതയോടെ വേണം കേരളം ഈ സാഹചര്യത്തെ നേരിടാൻ. ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വ്യാപനം തടയുക എന്നതാണ്. അതിനായി രോഗത്തെ കുറിച്ചും രോഗം പടരുന്ന സാഹചര്യത്തെ കുറിച്ചും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിപ്പയെ എങ്ങനെ പ്രതിരോധിക്കാം?

നിപ്പ (Nipah) ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കേണ്ടത് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകുക. നമ്മുടെ കൈകളിലാണ് രോഗാണു പറ്റാൻ സാധ്യത കൂടുതലാണ്. പൊതുവെ മഴക്കാലം രോഗ‌കാലമാകയാൽ ഇടയ്ക്കിടെ കൈ കഴുകാം. ഭക്ഷണം കഴിക്കുംമുൻപ് നിർബന്ധമായും സോപ്പിട്ടു കൈ കഴുകുക. പുറത്തുപോയി വരുമ്പോൾ വസ്ത്രങ്ങൾ കഴുകാനായി മാറ്റുക. സോപ്പു തേച്ചു കുളിക്കുക. കഴുകാത്ത കൈകൊണ്ട് വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക. രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക.

കഴിവതും പഴങ്ങളും പച്ചക്കറികളും വേവിച്ച് കഴിക്കുക. കഴുകി തൊലികളഞ്ഞുമാത്രം കഴിക്കുക. കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരിയോ അപ്പക്കാരമോ ചേർക്കാം. വീണു കിടക്കുന്നതും ജീവികൾ കടിച്ചതുമായ പഴങ്ങളും കായ്കളും മറ്റും ഒഴിവാക്കുക.

നിപയെക്കുറിച്ച് ഡോക്ടർ ഇക്ബാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.


ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:-

മനുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാ‍ണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വർഷംതോറും 250 കോടി പേരിൽ ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും ഇവരിൽ 27 ലക്ഷം പേർ മരണമടയുകയും ചെയ്യുന്നുണ്ട്.

മഹാമാരികളിൽ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർഴ്സ്, മെർഴ്സ്, എബോള, നിപ തുടങ്ങിയ മഹാമാരികൾ എല്ലാം തന്നെയും മൃഗജന്യരോഗങ്ങളാണ്. വവ്വാലുകളിൽ നിന്നും വെരുക് (സാർഴ്സ്), ഒട്ടകം (മേർഴ്സ്), എന്നീ ഇടനില വാഹകർ വഴിയാണ് വൈറസുകൾ മനുഷ്യ ശരീരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ചില രോഗങ്ങൾ കൊതുക്, ചെള്ള് തുടങ്ങിയ കീടങ്ങൾ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും (Vector Born Diseases) വിളിക്കുന്നു.

ഫലവത്തായ പ്രതിരോധ ചികിത്സയും വാക്സിനും ലഭ്യമാണെങ്കിലും പേപ്പട്ടിവിഷബാധ (Rabies) ലോകമെമ്പാടും ഇപ്പോഴും വലിയൊരു മൃഗജന്യ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നുണ്ട്. മൃഗങ്ങളുമായി മനുഷ്യൻ കൂടുതൽ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പലകാരണങ്ങളാലും വർധിച്ച് വരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന തകരാറുകൾ കാലാവസ്ഥാവ്യതിയാനത്തിന് (Climate Change) കാരണമാവുന്നു. ഇതിന്റെയെല്ലാം ഫലമായി വന്യജീവികൾ മനുഷ്യവാസസ്ഥലത്ത് കടക്കാൻ നിർബന്ധിക്കപ്പെടുന്നു.

മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നത് പല മനുഷ്യരോഗാണുക്കളുടെയും ഉദ്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്രഘട്ടങ്ങളിലായിരുന്നു എന്നാണ്. മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും, അവയെ ഇണക്കി വളർത്തിയ അവസരങ്ങളിലും വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കൾ പകർന്നിട്ടുണ്ട്. മൃഗമാംസവ്യാപാരം വലിയൊരു വാണിജ്യവ്യവഹാരമായി മാറിയതും ജന്തുജന്യരോഗസാധ്യത വർധിപ്പിച്ചു.

മൃഗങ്ങളുടെ ശരീരത്തിൽ പ്രതിരോധവ്യവസ്ഥയുമായി സന്തുലാവസ്ഥ കൈവരിച്ച് നിരവധി സൂക്ഷ്മജീവികൾ അവയിൽ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ. മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കൾ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയുടെ (intermediate Host) ശരീരത്തിലേക്ക് കടന്നിട്ടോ മനുഷ്യരിലെത്തി രോഗകാരണമാവുന്നു. പ്രത്യേകസാഹചര്യങ്ങളിൽ രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുന്നതിനെ കുതിച്ച് ചാട്ടം (Jumping), അതിരുകവിയൽ (Spillover) എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ഇടനിലജീവിയുടെ ശരീരത്തിൽ വച്ച് ജനിതകവ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കൾക്ക് തീവ്രതയും (Virulence) പകർച്ചാസാധ്യതയും (Infectivity) വർധിക്കയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാവുകയും ചെയ്യുന്നു.

മൃഗ കമ്പോളങ്ങൾ

കോഴി, താറാവ്, മത്സ്യം, ആടുമാടുകൾ തുടങ്ങി വിവിധ ജന്തുജാലങ്ങളുടെ മാംസവില്പന ദേശീയ അന്തർദേശീയ തലത്തിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയിട്ടുണ്ട്. ഇവയോടൊപ്പം ചൈന, ഇന്ത്യനേഷ്യ, തായ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ വെരുക്, വവ്വാൽ, പാമ്പ്, ഈനാം പേച്ചി തുടങ്ങിയ അപൂർവ്വ ജന്തുജാലങ്ങളെ ജീവനോടെയോ മാംസങ്ങളായോ വിൽക്കുന്ന വെറ്റ്മാർക്കറ്റ് (Wet Market) എന്ന് വിശേഷിപ്പിക്കുന്ന കമ്പോളങ്ങളും പ്രവർത്തിച്ച് വരുന്നു. ഇത്തരം വ്യാപാരശാലകളിൽ ജീവജാലങ്ങളെ പലപ്പോഴും യാതൊരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ കൂടുകളിലായി തിക്കി നിറച്ചാണ് ശേഖരിച്ച് വക്കാറുള്ളത്.

വിവിധജന്തുജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകൾ അന്വോന്യം വിനിമയം ചെയ്യപ്പെട്ട് ജനിതകസംയോജനത്തിലൂടെ തീവ്രത കൈവരിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു. ഇത്തരം കമ്പോളങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം കൂടുതൽ ഗാഢമാകുന്നതോടെ വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടക്കുകയും രോഗകാരണമാവുകയും ചെയ്യുന്നു. ചൈനയിലെ വെറ്റ്മാർക്കറ്റുകളിൽ നിന്നാണ് സാർഴ്സ്, വൈറസുകൾ മനുഷ്യരിലെത്തിയത്. പക്ഷിപ്പനിയുടെ ഉറവിടവും ഇത്തരം വാണിജ്യകേന്ദ്രങ്ങളായിരുന്നു. മൃഗകമ്പോളങ്ങളിൽ നിന്നും ജനിതകമാറ്റത്തിലൂടെ രൂപംകൊള്ളുന്ന ഫ്ലൂ വൈറസ് വഴി കൂടുതൽ രൂക്ഷമായ പ്ലൂ മഹാമാരി ഉത്ഭവിക്കാനുള്ള സാധ്യയുണ്ടെന്ന് വിദഗ്ധർ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.

ജന്തുജാലങ്ങളുടെ പ്രസക്തി

വളർത്തുമൃഗങ്ങളെ ഒഴിവാക്കികൊണ്ടും വന്യജീവികളെ നശിപ്പിക്കുകയോ അവയുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കികൊണ്ടും ജന്തുജന്യരോഗങ്ങളിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നത് പ്രായോഗികമല്ല. അഞ്ചാംപനി വൈറസിന്റെ പൂർവ്വികനായ കാലിവസന്തവൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നവയായിരുന്നില്ല. എന്നാൽ അഞ്ചാംപനി വൈറസിനേക്കാൾ കൂടുതൽ മനുഷ്യമരണങ്ങൾ കാലിവസന്തമൂലം പരോക്ഷമായിട്ടുണ്ടായിട്ടുണ്ട്. വായുവിലൂടെ പകരുന്ന, നൂറു ശതമാനംവരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള, ഈ രോഗം കന്നുകാലികളെ മുഴുവൻ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മനുഷ്യമരണങ്ങൾക്ക് കാരണമായത്.

1889 ൽ എത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായത് കാലിവസന്തമൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്. ജന്തുജന്യരോഗഭീഷണി എന്നതിനപ്പുറം മൃഗാരോഗ്യം മനുഷ്യരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ഈ പട്ടിണി മരണങ്ങളുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ് , മമ്സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്.

1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. പ്രകൃതിചക്രത്തിലും പുന:ചക്രത്തിലും, പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യസംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു.

കൃഷി നശിപ്പിക്കയോ മനുഷ്യരിൽ രോഗപരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിർത്തുന്നത് വവ്വാലൂകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളിൽ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ച് വരികയാണ്. പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളിൽ മനുഷ്യർ കടന്ന് കയറുന്നത് കൊണ്ടാണ് വവ്വലുകളിലെ വൈറസുകൾ മനുഷ്യരിലെത്തി രോഗം പരത്തുന്നത്.

പൊതുവിൽ അവഗണിക്കപെട്ട് പോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ച് നിർത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജന്തുക്കളെ സംബന്ധിച്ചും അവയൂടെ സാമൂഹിക സാമ്പത്തിക പരിസ്ഥിതി പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശാസ്തീയസമീപനമാണ് .സ്വീകരിക്കേണ്ടത്.

ഏകലോകം ഏകാര്യോഗ്യത്തിലേക്ക്

അഭൂതപൂർമായ ജനസംഖ്യാവർദ്ധന, വന്യജീവികളുടെ ആവാസകേന്ദങ്ങളിലേക്ക് വർധിച്ച് വരുന്ന കടന്നുകയററം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ഇവയിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും ആഗോളവിനിമയ, തുടങ്ങി മഹാമാരികൾ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നത് സുനിശ്ചിതമാക്കുന്ന ഘടകങ്ങൾ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽ‌പ്പും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണം പോലെ പ്രധാനമാണെന്ന “ഏകലോകം ഏകാരോഗ്യം” എന്ന കാഴ്ച്ചപ്പാട് ഇപ്പോൾ ലോകരാജ്യങ്ങൾ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!