കേരളത്തെ ആശങ്കയിലാക്കിയ നിപ; അന്ന് നിയന്ത്രണ വിധേയമാക്കിയത് ഇങ്ങനെ
സംസ്ഥാനം വീണ്ടും നിപ വൈറസ് ഭീതിയിലായിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിപ സ്ഥിരീകരിച്ചപ്പോൾ ഏറെ ഫലപ്രദമായി തന്നെ അതിനെ തടയാൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. അന്ന് സംസ്ഥാനം സ്വീകരിച്ച നിപ വ്യാപനം പ്രതിരോധന രീതികൾക്ക് അന്താരാഷ്ട്ര തലത്തിൽ അഭിനന്ദനങ്ങൾ എത്തിയിരുന്നു. 2018 ജൂലൈ 30ന് ലോകാരോഗ്യ സംഘടന പങ്കുവെച്ച കുറിപ്പിൽ കേരളം നിപയെ തടഞ്ഞതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
2018 മെയ് 17 ന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ പ്രവേശിപ്പിച്ചു. നിപ ബാധയുണ്ടെന്ന സംശയത്താൽ കർണാടകയിലെ മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് രോഗിയുടെ സാമ്പിളുകൾ അയച്ചു. സാമ്പിളുകൾ പരിശോധിച്ചതിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നീട് ഈ ഫലങ്ങൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യ കേസ് തിരിച്ചറിഞ്ഞയുടൻ സംസ്ഥാന ആരോഗ്യ മെഷിനറി പ്രവർത്തനമാരംഭിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടറുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ മൾട്ടി ഡിസിപ്ലിനറി വിദഗ്ധരുടെ ഒരു സംഘം മെയ് 19 ന് ബാധിത ജില്ലയിൽ എത്തി. പിന്നാലെ നിപാ രോഗികളുമായി സമ്പർക്കത്തിൽപ്പെട്ട 2500-ലധികം ആളുകളെ നിരീക്ഷിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിലും സമീപ ജില്ലകളിലേക്കും നിരീക്ഷണം വ്യാപിപ്പിച്ചു. സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അവ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുകയുമുണ്ടായി. ഇത് മറ്റു സംസ്ഥാനങ്ങളുമായും പങ്കുവെച്ചു. ഇതിലൂടെ രോഗം വലിയ തോതിൽ വ്യാപിക്കുന്നതിൽ നിന്ന് തടയാൻ സാധിച്ചു.
എന്നാൽ സാധാരണ ജനങ്ങൾ രോഗ ഭീതിയിലായിരുന്നു. രോഗം എങ്ങനെ പടരുന്നു, എങ്ങനെ തടയാം തുടങ്ങിയ സംശയങ്ങൾ വർധിച്ചു വന്നു. അതോടൊപ്പം രോഗത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും വരാൻ തുടങ്ങി. അത് തടയേണ്ടതുണ്ടായിരുന്നു. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും അത് വഴി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു. അതേസമയം സംസ്ഥാന സർക്കാർ പരമ്പരാഗത, നവ മാധ്യമങ്ങൾ ഉൾപ്പടെ ലഭ്യമായ എല്ലാ ആശയവിനിമയ മാർഗങ്ങളിലൂടെയും കിംവദന്തികൾ തടയുന്നതിനും പൊതുജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും ശ്രമിച്ചു.
ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും ഇടവേളയില്ലാതെ പ്രവർത്തിച്ച് വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വിജയകരമായി തടഞ്ഞു. ജൂൺ പകുതിയോടെ കേരള സർക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു. സംസ്ഥാനം അന്നുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ അങ്ങനെ തടഞ്ഞു.