മുട്ടം ബൈപാസ് നിര്‍മാണം ഇഴയുന്നു
തൊടുപുഴ: മുട്ടം ബൈപാസ് നിര്‍മാണം ഇഴയുന്നു. മുട്ടം പഞ്ചായത്ത് വികസനകുതിപ്പേകുന്ന ബൈപാസ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അളന്നുതിരിച്ച് കല്ലിട്ടിട്ട് നാളുകളേറെയായി.ഭൂ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതാണ് റോഡ് ഇനിയും യാഥാര്‍ഥ്യമാകാന്‍ തടസമാകുന്നത്.
പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 50 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. പൊതുമരാമത്ത് വകുപ്പ് ഈ തുക റവന്യുവകുപ്പിനു കൈമാറിയെങ്കില്‍ മാത്രമേ സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്കു കടക്കാനാവൂ. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികള്‍ അനന്തമായി നീളുകയാണ്.
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ പെരുമറ്റത്തുനിന്നു ആരംഭിച്ച് തോട്ടങ്കര പാലത്തിനു സമീപം കരിങ്കുന്നം റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് 2.100 മീറ്റര്‍ ദൂരം വരുന്ന ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. 20 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മിക്കുന്നതിനായാണ് സ്ഥലം അളന്നു തിരിച്ചിരിക്കുന്നത്. പി.ജെ. ജോസഫ് ജലവിഭവമന്ത്രിയായിരുന്ന കാലയളവില്‍ മുന്‍കൈയെടുത്താണ് ബൈപാസ് നിര്‍മാണത്തിന് രൂപരേഖ തയാറാക്കിയത്. പാതയുടെ പൂര്‍ത്തീകരണത്തിനായി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേരുകയും പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. പിന്നീട് പാത പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ഇഴയുകയാണ്.
ബൈപാസ് പൂര്‍ത്തിയായാല്‍ തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍നിന്നു മുട്ടം ടൗണില്‍ പ്രവേശിക്കാതെ ഈരാറ്റുപേട്ട റോഡിലേക്കും മുട്ടം-കരിങ്കുന്നം റോഡിലേക്കും പ്രവേശിക്കാനാകും. മണ്ഡല കാലയളവില്‍ തൊടുപുഴ-ഈരാറ്റുപേട്ട വഴി ശബരിമലയ്ക്കു പോകുന്ന നൂറുകണക്കിനു അയ്യപ്പഭക്തര്‍ക്ക് ഉള്‍പ്പെടെ ഉപകാരപ്പെടുന്ന പാതയുടെ നിര്‍മാണമാണ് അനിശ്ചിതമായി നീളുന്നത്. മുട്ടം ടൗണിലെ ഗതാഗതകുരുക്കിനും പുതിയ ബൈപാസ് ഗുണകരമായേനെ.