പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോളെ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു
പീരുമേട് മുൻ എംഎൽഎയും സംസ്ഥാനത്തെ പ്രധാന വനിത നേതാവുമായ ഇ.എസ് ബിജിമോളെ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ ചിഞ്ചുറാണി തത്സ്ഥാനം ഒഴിയുകയും സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തത്തെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഒഴിവ് വന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സംശയത്തിനിട നൽകാതെയാണ് മുൻ എം എൽ എ കൂടിയായ ഇ എസ് ബിജിമോളെ തെരഞ്ഞെടുത്തത് . കഴിഞ്ഞ് 7 നാണ് സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്. എട്ടിന് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിവസമാണ് മഹിളാസംഘം സംസ്ഥാന സെക്രട്ടറി സ്ഥാനം ബിജിമോളെ തേടിയെത്തിയത്. സി പി ഐ ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോളെ സംസ്ഥാന കമ്മറ്റി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇസ്മായിൽ പക്ഷം തിരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ഇതിൽ ബിജിമോൾ പരാജയപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി ബിജിമോൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ബിജിമോളെ ഒഴിവാക്കി . പാർട്ടി നടപടി തുടരുമ്പോഴും പാർട്ടിയിൽ ഉറച്ച് നിന്ന ബിജിമോൾ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി പി ഐ യുടെ പോഷക സംഘടനയുടെ രണ്ടാം
സ്ഥാനക്കാരിയായി ഉയർന്നത് അവരുടെ നിശ്ചയദാർഡ്യവും ഉറച്ച പാർട്ടി നിലപാടുമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാർട്ടിയിൽ നിന്ന് തരം താഴത്തൽ നടപടിക്ക് മുൻ കൈയ്യെടുത്തവരോടുള്ള മധുരപ്രതികാരം കൂടിയാണ് മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായുള്ള ബിജിമോളുടെ സ്ഥാനക്കയറ്റം.