ഭരണഘടനാപരമായി തീരുമാനിച്ച ഇന്ത്യയെന്ന പേര് മാറ്റാൻ ആര്‍ക്കാണ് അവകാശം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
രാജ്യത്തിന്റെ പേര് മാറ്റാനുള്ള ആർഎസ്എസിന്റെയും കേന്ദ്ര സർക്കാരിന്റെയും സ്വേച്ഛാധിപത്യപരമായ തീരുമാനത്തെ പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കട്ടപ്പനയിൽ 25ാമത് ചടയൻ ഗോവിന്ദൻ ദിനാചരണവും ദേശാഭിമാനി ഇടുക്കി ജില്ലാ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി ചർച്ചചെയ്‍ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം. മോദി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ മേഖലയിൽ ഒരു ഇന്ത്യ വന്നിരിക്കുന്നു. ഇതിൽ വെപ്രാളം പൂണ്ടാണ് ആർഎസ്എസ് രാജ്യത്തിന്റെ പേര് മാറ്റാൻ നിർദേശിച്ചത്. പകരം ഭാരതം മതിയെന്നും തീരുമാനിച്ചു. ജനാധപത്യരീതിയിൽ ചർച്ച നടത്തിയിട്ടില്ല. ആർഎസ്എസുകാരന്റെ വാക്കുകേട്ട് രാഷ്‍ട്രപതിയും പ്രധാനമന്ത്രിയും ഇത് അംഗീകരിക്കുന്നു. ജനങ്ങളോട് അംഗീകരിക്കാൻ ആവശ്യപ്പെടുകയാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് അടുത്ത പാർലമെന്റ് സമ്മേളനത്തിലെ അജണ്ട. കേരളം ഉൾപ്പെടെ ഒരു സംസ്ഥാന സർക്കാരുകൾക്കും പിന്നെ നിലനിൽപ്പുണ്ടാകില്ല. എല്ലാറ്റിനെയും അവസാനിപ്പിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമെന്ന്. അങ്ങനെവന്നാൽ രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കും.
ഭൂപ്രഭുത്വത്തിന്റെ ജീർണതയുടെ കാടത്വപരമായ ആശയങ്ങൾ ഇന്നും സ്വാധീനം ചെലുത്തുന്ന നാടാണ് ഇന്ത്യ. അതിനെ രാഷ്‍ട്രീയ ആയുധമായി ഉപയോഗിക്കുന്ന പാർട്ടിയാണ് ബിജെപി. മണിപ്പുർ കലാപം ചോദിച്ച് വാങ്ങിയതാണ്. വിലപിടിപ്പുള്ള ഖനികൾ അടങ്ങുന്ന ഗോത്രവിഭാഗങ്ങളുടെ ഭൂമി കോർപറേറ്റ് ശക്തികൾക്ക് കൈക്കലാക്കാൻ ആസൂത്രിതമായി നടപ്പാക്കിയ നീക്കമാണിത്. ആർഎസ്എസാണ് ഇതിന് പിന്നിൽ. വർഗീയവാദികൾക്ക് അജണ്ട തയ്യാറാക്കി പ്രവർത്തിക്കാനായാൽ മണിപ്പുരും ഗുജറാത്തും രാജ്യത്തെവിടെയും സാധ്യമാകും.
ചടയൻ മാതൃകാവ്യക്തിത്വം
കേരളീയ സമൂഹത്തെ കൂട്ടായി യോജിപ്പിച്ച് ശരിയായ ദർശനത്തെയും പ്രത്യേയ ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തി സംഘടിതരാക്കി മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നേതൃത്വം നൽകിയ സംസ്ഥാനം കണ്ട ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളിൽ ഒരാളാണ് ചടയൻ ഗോവിന്ദൻ. പാഠമാക്കാവുന്ന മാതൃകാവ്യക്തിത്വമായിരുന്നു. കുരുക്കഴിയാത്ത ഏത് പ്രശ്നങ്ങൾക്കും അദ്ദേഹം ശരിയായ ദിശാബോധത്തോടെ കൃത്യമായ ഉത്തരം നൽകുമായിരുന്നു.
വലതുപക്ഷ ആശയരൂപീകരണത്തിനും കമ്യൂണിസ്റ്റ് വിരുദ്ധതയ്‍ക്കുമായി കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നതുപോലെ ലോകത്ത് ഒരിടത്തും മാധ്യമങ്ങൾ ചെയ്യുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളുടെ ബോധത്തിലേക്ക് തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാനും അത് സത്യമാണെന്ന് വരുത്തിത്തീർക്കാനും നടത്തുന്ന മാധ്യമപ്രവർത്തനം പ്രതിരോധിക്കണമെങ്കിൽ അതിന് പിന്നിലെ മൂലധന നിക്ഷേപം ആരുടേതാണെന്ന് മനസിലാക്കണം. ദേശാഭിമാനിയെ മനോരമയായോ മാതൃഭൂമിയായോ താരതമ്യപ്പെടുത്തരുത്. ഒരിക്കലും ദേശാഭിമാനിക്ക് മനോരമയോ മാതൃഭൂമിയോ ആകാനാകില്ല. ലോകത്ത് ഏറ്റവും കടുത്തരീതിയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയപ്രചാരണത്തിന്റെ കേന്ദ്രഭൂമിയാണ് കേരളം. അതിനെതിരെ പൊരുതാൻ നമുക്കുള്ള പത്രം ദേശാഭിമാനിയാണ്. എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, എം എം മണി എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ന്യൂസ് എഡിറ്റർ എം ഒ വർഗീസ് എന്നിവർ സംസാരിച്ചു.