വലുപ്പത്തില്‍ ഇടുക്കി വീണ്ടും ഒന്നാമതായി; പാലക്കാട് പിന്നിലായി
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി വീണ്ടും ഇടുക്കി. എറണാകുളം ജില്ലയിലെ കുട്ടമ്ബുഴ വില്ലേജിന്‍റെ ഭാഗമായ 12718.5095 ഹെക്ടര്‍ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേര്‍ത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. ഇതോടെ വലുപ്പത്തിന്‍റെ കാര്യത്തില്‍ പാലക്കാട് രണ്ടാമതാകും.
കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ ഇടുക്കിയുടെ ആകെ വിസ്തൃതി 4358 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 4612 കിലോമീറ്ററായി ഉയരും. ഇതുവരെ ഒന്നാമതായിരുന്ന പാലക്കാടിന്‍റെ വിസ്തൃതി 4482 ചതുരശ്ര കിലോമീറ്ററാണ്. ഭരണസൗകര്യത്തിനായാണ് കുട്ടമ്ബുഴ വില്ലേജിന്‍റെ ഭാഗങ്ങള്‍ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബര്‍ അഞ്ചിന് പുറപ്പെടുവിച്ചു. വെള്ളിയാഴ്ചയിലെ സര്‍ക്കാര്‍ ഗസ്റ്റിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തിന്‍റെ കാര്യത്തില്‍ നാലില്‍നിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂര്‍ നാലാം സ്ഥാനത്തെത്തി. 3032 ചതുരശ്ര കിലോമീറ്ററാണ് തൃശൂരിന്‍റെ വിസ്തീര്‍ണം. 3550 ചതുരശ്ര കിലോമീറ്ററുള്ള മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 1997 വരെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല ഇടുക്കി ആയിരുന്നു. എന്നാല്‍ 1997 ജനുവരി ഒന്നിന് കുട്ടമ്ബുഴ വില്ലേജ് ദേവികുളം താലൂക്കില്‍നിന്ന് മുഴുവനായും എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് മാറ്റിയതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായി. വലുപ്പത്തിന്‍റെ കാര്യത്തില്‍ പാലക്കാട് ജില്ല ഒന്നാമതായി.