ഹെലികോപ്റ്ററുകൾ, അത്യാധുനിക തോക്കുകൾ, ആയിരക്കണക്കിന് ബുള്ളറ്റുകൾ; ജോ ബൈഡൻ വന്നത് ഒറ്റക്കല്ല
ഡൽഹി: ലോകത്ത് ഏറ്റവും വലിയ സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്ന ആളാണ് അമേരിക്കൻ പ്രസിഡൻ്റ്. ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രസിഡന്റിനെ സംരക്ഷിക്കാൻ വലിയ സന്നാഹങ്ങളാണ് അമേരിക്കക്കുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതും ഒറ്റക്കായിരുന്നില്ല. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബൈഡന് മുന്നേ ഇന്ത്യയിലെത്തിയിരുന്നു. ഉച്ചകോടി കഴിഞ്ഞ് ബൈഡൻ തിരിച്ചു പോയതിന് ശേഷം മാത്രമാണ് സുരക്ഷാ സംവിധാങ്ങൾ അമേരിക്കയിലേക്ക് പോവുക.
ഹെലികോപ്റ്ററുകൾ മുതൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ, അത്യാധുനിക ആയുധങ്ങൾ, ആയിരക്കണക്കിന് റൗണ്ട് ബുള്ളറ്റുകൾ, കൈവിലങ്ങുകൾ, ബാറ്റൺ, ബോംബ് ഡിറ്റക്ടറുകൾ, കൺട്രോൾ റൂം, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി വൻ സന്നാഹങ്ങളാണ് ജോ ബൈഡനായി ഇന്ത്യയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റിന്‍റെ വരവിന് ആഴ്ചകൾക്ക് മുന്നേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യയിലെ യുഎസ് എംബസ്സിയുമായി ബന്ധപ്പെട്ട് കൊണ്ടു വരേണ്ട സുരക്ഷാ ഉപകരണങ്ങളുടെയടക്കം പട്ടിക തയ്യാറാക്കിയായിരുന്നു ഒരുക്കങ്ങൾ.
മറ്റ് രാജ്യങ്ങൾക്കില്ലാത്ത പല സംവിധാനങ്ങളും അമേരിക്കയുടെ കയ്യിലുണ്ട്. അത്തരത്തിലൊന്നാണ് യുഎസിന്റേത് മാത്രമായ ഒരു സുരക്ഷാ ഗ്രിഡ്. ഒരു കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ്, ഉപകരണങ്ങൾ, വൈദ്യസഹായം എന്നിവയടങ്ങിയതാണ് ആ സുരക്ഷാ ഗ്രിഡ്. 21 മുതൽ 28 വയസ്സ് വരെ മാത്രം പ്രായമുള്ള കഠിന പരിശീലനം ലഭിച്ച മികച്ച സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രസിഡന്റിൻ്റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ലോങ് റേഞ്ച്, ഷോർട്ട് റേഞ്ച് ആയുധങ്ങളും ബുള്ളറ്റിനെ പ്രതിരോധിക്കാനുള്ള ഷീൽഡുകളും ഇവരുടെ കയ്യിലുണ്ടാകും.
ബൈഡൻ യാത്രക്ക് ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. വേദിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ‘ദി ബീസ്റ്റ്’ ഉൾപ്പെടെയുള്ള വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രസിഡൻ്റിന് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അദ്ദേഹത്തെ മാറ്റുന്നതിനായി വിമാനത്താവളങ്ങളും തൊട്ടടുത്ത തുറമുഖങ്ങളുമടക്കം ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. ബൈഡൻ വിമാനത്തിൽ കയറി പുറപ്പെട്ടാൽ മാത്രമേ ഇന്ത്യയിലൊരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പിൻവലിക്കൂ.