യു പി യിൽ അഭിമാന പോരാട്ടത്തിൽ കാലിടറി ബിജെപി ; ഇന്ത്യ സഖ്യത്തിന് വൻ വിജയം നൽകി എസ് പി
ദില്ലി: പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് പ്രതീക്ഷയായി ഉത്തർപ്രദേശിലെ ഘോസി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക്ക് ഉജ്ജ്വല വിജയം. ബിജെപി സ്ഥാനാർഥിയെ ബഹുദൂരം പിന്നിലാക്കിയാണ് സമാജ് വാദി സ്ഥാനാർഥിയുടെ തേരോട്ടം. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ് പി അണികൾ ആഹ്ലാദ പ്രകടനം തുടങ്ങി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായി വിജയത്തെ കാണുന്നുവെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിലയിരുത്തൽ. ദാരാ സിങ് ചൗഹാനാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത്. സുധാകർ സിങ്ങാണ് സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി.
2022ൽ ദാരാ സിങ് ചൗഹാൻ എസ്പിയുടെ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ചൗഹാൻ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. സുധാകർ സിങ്ങിന് 2022ൽ എസ്പി ടിക്കറ്റ് നിഷേധിച്ചിരുന്നു. മത്സരം എസ്പിക്കും ബിജെപിക്കും അഭിമാന പോരാട്ടമായി മാറി. നിലവിൽ എട്ടായിരത്തോളം വോട്ടിന് മുന്നിൽ നിൽക്കുകയാണ് എസ്പി സ്ഥാനാർഥി. 50.77 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. ജാർഖണ്ഡിലെ ദുമ്രിലും ഇന്ത്യ സഖ്യം വിജയിച്ചു.