സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച. ഡാമിൽ കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പോലീസ് കണ്ടെത്തി.
വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. പതിനൊന്ന് സ്ഥലത്താണ് ഇയാൾ താഴ് ഉപയോഗിച്ച് പൂട്ടിയത്.
ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ താഴുകൾ പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവർത്തികൾ മനസ്സിലായത്. തുടർന്ന് ഇടുക്കി പൊലീസിൽ പരാതി നൽകി.