ചരിത്രം ആവർത്തിക്കുമോ ? കാണുന്നത് 2016ന് സമാനമായ ട്രെൻഡ്
പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. ആറായിരം വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്റെ ലീഡ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ കണ്ട ട്രെൻഡിനോട് സാമ്യമുണ്ട് നിലവിലെ ചാണ്ടി ഉമ്മന്റെ പ്രകടനത്തിനെന്നാണ് വിലയിരുത്തൽ. 2016 ൽ ഉമ്മൻ ചാണ്ടി 71597 വോട്ടുകളാണ് നേടിയത്. സിപിഐഎമ്മിന്റെ ജെയ്ക്ക് സി തോമസ് 44,505 ഉം. അതായത് 27,092 ന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിജയം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് അച്ഛൻ ഉമ്മൻ ചാണ്ടിയേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പും കുടുംബവും. സഹോദരി അച്ചു ഉമ്മൻ പ്രവചിച്ചത് 30000 വോട്ടിന്റെ ലീഡാണ്. കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പ്രവചിച്ചത് 25,000 ന്റെ ലീഡാണ്.
1957 ൽ രൂപീകൃതമായ പുതുപ്പള്ളിയിൽ ആദ്യമായി എംഎൽഎയാകുന്നത് കോൺഗ്രസിന്റെ പി.സി ചെറിയാനാണ്. പിന്നീട് 1967 ൽ സിപിഐഎമ്മിന്റെ ഇ.എം ജോർജ് പുതുപ്പള്ളിയെ ചെങ്കോട്ടയാക്കി. എന്നാൽ 1970 ൽ സിപിഐഎമ്മിനെ വെട്ടി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാക്കി. അന്ന് മുതൽ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയുടെ ജനനായകനായി പ്രവർത്തിച്ചത്.