ഇടുക്കി മെഡിക്കൽ കോളേജിലെ നവീകരണ പ്രവർത്തികളുടെ ഉദ്‌ഘാടനം ഉടൻ
ഇടുക്കി മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച നവീകരണ പ്രവർത്തികളുടെ ഉദ്‌ഘാടനം സെപ്റ്റംബർ അവസാന വാരം നടത്തുവാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. അത്യാഹിത വിഭാഗം , മേജർ ഓപ്പറേഷൻ തീയറ്റർ , മെഡിസിൻ വാർഡ് , ഐ സി യു എന്നിവ പുതുതായി സജ്ജീകരിച്ച ബ്ലോക്കിലാകും ഇനി പ്രവർത്തിക്കുക. നഴ്സിംഗ് കോളേജിലേക്കുള്ള പുതിയ ബാച്ചിന്റെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം മെഡിക്കൽ കോളേജിൽ നടന്നുവരുന്ന നവീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി . ബോയ്സ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിദ്യാർഥികൾക്കായി തുറന്ന് നൽകാൻ കഴിയുന്ന രീതിയിൽ നിർമ്മാണപ്രവൃത്തികളുടെ വേഗം കൂട്ടാൻ മന്ത്രി യോഗത്തിൽ കിറ്റ്കോക്ക് നിർദേശം നൽകി . ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിന്റെ നിർമ്മാണവും ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. ഗേൾസ് ഹോസ്റ്റലിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കിറ്റ്കോ പ്രതിനിധി യോഗത്തെ അറിയിച്ചു. വിദ്യാർഥികൾക്ക് താത്കാലിക താമസ സംവിധാനം ഒരുക്കുന്നതിനും വികസന സമിതിയോഗം തീരുമാനിച്ചു.
ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി കെ ബാലകൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.