തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും
കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ സെപ്റ്റംബർ പത്ത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കു സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. വെളളിയാഴ്ച എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അടുത്ത നാല് ദിവസം സജീവമായി തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.