‘പൂര്‍ണമായും ഭാരതം എന്ന് വിളിക്കണോ’; പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതി പണ്ടേ തളളിയതാണ്
ന്യൂഡല്‍ഹി: ഇന്ത്യയെ ഭാരതം എന്നാക്കി മാറ്റണമെന്ന വിവാദം ഉയരുന്നതിന് മുമ്പ് തന്നെ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ പൂര്‍ണമായും ഭാരതം എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊതുതാത്പര്യഹര്‍ജി തളളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. ഇന്ന് വിമര്‍ശനം നേരിടുന്ന കേന്ദ്ര സര്‍ക്കാരാകട്ടെ രാജ്യത്തെ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് വിളിക്കേണ്ടതില്ലെന്ന് അന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
2016 ല്‍ മഹാരാഷ്ട്രയില്‍ നിന്നുളള നിരഞ്ജന് ഭട്വാളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും, ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഹര്‍ജി തളളിയ സുപ്രീംകോടതി ഹര്‍ജിക്കാരനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
‘ഭാരതമോ, ഇന്ത്യയോ? നിങ്ങള്‍ക്ക് ഭാരതം എന്നു വിളിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഒരു കുഴപ്പവുമില്ല, അങ്ങനെ ആയിക്കോളൂ. ഇനി മറ്റുളളവര്‍ ഇന്ത്യ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയായിക്കോട്ടെ. രണ്ടിനും സ്വാതന്ത്ര്യമുണ്ട്.’ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പൊതുതാത്പര്യഹര്‍ജികള്‍ പാവങ്ങള്ക്കുവേണ്ടിയാകണം. തങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലെന്നാണോ വിചാരമെന്നും അന്ന് ഹര്‍ജിക്കാരനെ വിമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി ചോദിച്ചിരുന്നു.
പൊതുതാത്പര്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്, ‘രാജ്യത്തിന്റെ പേര് അവതരിപ്പിക്കുന്ന ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ എന്തെങ്കിലും മാറ്റം പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഭരണഘടനയുടെ അനുച്ഛേദം 1(1) പറയുന്നത് ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്നാണ്. ഭരണഘടനാ നിര്‍മാണവേളയില്‍ രാജ്യത്തിന്റെ പേര് സംബന്ധിച്ച വിഷയങ്ങള്‍ ഭരണഘടനാസഭ വിപുലമായി ചര്‍ച്ച ചെയ്തതാണ്. തുടര്‍ന്ന് ഒന്നാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തു’. അതേ സര്‍ക്കാര്‍, ഇപ്പോള്‍ ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കി മാറ്റാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നതായാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്.