ലോകചാമ്പ്യനാകാൻ തനിക്ക് കഴിയും; പ്രതീക്ഷകൾ നൽകി പ്രഗ്നാന്ദ
ചെന്നൈ: ദീർഘകാലമായി ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദ് മാത്രമായിരുന്നു ഇന്ത്യയ്ക്കായി മത്സരിച്ചിരുന്ന താരം. ചെസ് ലോകകപ്പിൽ ആർ പ്രഗ്നാന്ദ ഫൈനലിൽ എത്തിയതോടെ ഇന്ത്യയ്ക്ക് പുത്തൻ പ്രതീക്ഷകളായി. 2024 ൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് നടക്കുമ്പോൾ പ്രഗ്നാന്ദയിലാണ് ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷകളും. രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ കഴിയുമെന്നാണ് പ്രഗ്നാന്ദയും പറയുന്നത്.
തനിക്കുമേൽ ഇപ്പോൾ യാതൊരു സമ്മർദ്ദവും ഇല്ല. തനിക്ക് ഇപ്പോഴും ഒരുപാട് മെച്ചപ്പെടുവാൻ ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഒരുപാട് മുന്നോട്ടുപോകാൻ തനിക്ക് കഴിയും. മോശം സാഹചര്യത്തിൽ നിന്ന് നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുന്നത് സന്തോഷം നൽകുന്നു. ലോകചാമ്പ്യനാകാൻ തനിക്ക് കഴിയുമെന്നും പ്രഗ്നാനന്ദ വ്യക്തമാക്കി.
ചൈനയുടെ ഡിങ് ലിറൻ ആണ് നിലവിലത്തെ ലോക ചെസ് ചാമ്പ്യൻ. ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലെ വിജയികളാണ് ചെസ് ചാമ്പ്യൻഷിപ്പിനായി നിലവിലത്തെ ചാമ്പ്യനെ നേരിടുക. ലോകകപ്പിലെ പ്രകടനത്തോടെ പ്രഗ്നാന്ദ ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലെ വിജയമാണ് ഇനി പ്രഗ്നാന്ദയുടെ മുമ്പിലുള്ള കടമ്പ.