‘ജയ്കിന് പ്രതീക്ഷ നല്‍കുന്ന പോളിങ്’;യുഡിഎഫിന് പ്രതീക്ഷിച്ചപോലെ വിജയമുണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് ജയ്കിന് പ്രതീക്ഷ നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫിന് നല്ല വിജയം നേടാനുള്ള സാധ്യതയുണ്ട്. വിചാരിക്കുന്നത് പോലെ മണ്ഡലത്തില്‍ വിജയിക്കാനാകില്ല എന്ന കാര്യം യുഡിഎഫിന് മനസിലായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
‘കഴിഞ്ഞ 53 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ആധിത്യം നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് എളുപ്പത്തില്‍ ജയിച്ചുകയറാം എന്നതായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ ധാരണ. വൈകാരികമായ ഒരു തലത്തില്‍ നിന്ന് ജനങ്ങളൊക്കെ വോട്ട് യുഡിഎഫിന് അനുകൂലമായി നല്‍കുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് രാഷ്ട്രീയ മേഖലയിലെ പ്രധാന ചര്‍ച്ചാ വിഷയമാകുകയും പുതുപ്പള്ളിയിലെ വികസനവും സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ വിചാരിക്കുന്നത് പോലെ മണ്ഡലത്തില്‍ വിജയിക്കാനാകില്ല എന്ന കാര്യം അവര്‍ക്ക് മനസിലായിട്ടുണ്ട്’, എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
വലിയ പ്രതീക്ഷയാണ് ഇടതുപക്ഷ മുന്നണിക്ക് പുതുപ്പള്ളിയിലുള്ളത്. മികച്ച വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക ക്ഷേമകമ്മീഷന്‍ ചെയര്‍മാനെ മാറ്റിയ സംഭവത്തില്‍ ഏതെങ്കിലും ഘടക കക്ഷികളുടെ സീറ്റ് പിടിച്ചെടുക്കാന്‍ ആലോചിക്കുന്നില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സംഭവം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. ഭരണപരമായ നിലപാട് പാര്‍ട്ടി അറിയണമെന്നില്ല, തെറ്റുണ്ടെങ്കില്‍ തിരുത്തും. എന്തുണ്ടായെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.