സൗജന്യ ടെലി കൗണ്‍സിലിങ്ങുമായി ഡോക്ടര്‍ ദമ്പതികള്‍


കട്ടപ്പന: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമൊഴിവാക്കാന്‍ സൗജന്യ ടെലി കൗണ്‍സിലിങ്ങുമായി കട്ടപ്പനയിലെ ഡോക്ടര്‍ ദമ്പതികള്‍. പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ക്കും രോഗമുക്തരായവര്‍ക്കുമായാണ് കൗണ്‍സിലിങ്ങ്.

നീരിക്ഷണത്തിലിരുന്ന ഒരാളുടെ ഫോണ്‍കോളില്‍ നിന്നാണ് ആയുര്‍വേദ ഡോക്ടര്‍മ്മാരായ ഡോ.ശരത് കൃഷ്ണയും ഭാര്യ ഡോ.ജയലേഖയും ഇത്തരത്തിലൊരു സേവനത്തിലേക്ക് കടന്നു വരുന്നത്. ഇതിനോടകം നിരവധിയാളുകള്‍ക്ക് സൗജന്യ കൗണ്‍സിലിങ് നല്‍കിക്കഴിഞ്ഞു. രോഗമുക്തി നേടി വീടുകളില്‍ കഴിയുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ആരും കാണുന്നില്ലെന്ന് ഡോ.ശരത് കൃഷ്ണ പറഞ്ഞു.
രോഗബാധിതതരായവരും ഒറ്റപ്പെട്ടുപോയെന്ന ചിന്താഗതിയിലെത്തി നില്‍ക്കുന്നവരാണ്. ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കേണ്ടത് ഡോക്ടര്‍ എന്ന നിലയില്‍ തങ്ങളുടെ കടമയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം ഒരു ആശയം നടപ്പാക്കണമെന്ന് തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രോഗമുക്തരായവര്‍ക്ക് ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സാരീതികളെക്കുറിച്ചും വിവരിച്ചുനല്‍കുന്നുണ്ട്. രോഗബാധയേക്കാള്‍ ഭയാനകമാണ് അതിന് ശേഷമുള്ള മാനസിക സംഘര്‍ഷം. ഇവര്‍ക്ക് മരുന്നൊന്നും വേണ്ട. ഒരാളോട് മനസുതുറന്നു സംസാരിച്ചാല്‍ മതി. പക്ഷെ, അങ്ങനെയൊരാളെ കണ്ടെത്തുക പ്രയാസമാണ്. വിഷമതകള്‍ കേട്ട് അതില്‍ നിന്നും മുക്തിനേടാനുള്ള വഴിപറഞ്ഞുകൊടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജയലേഖ പറഞ്ഞു.
ഋഷഭാദ്രി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നത്. വാതരോഗം, പ്രമേഹം, ത്വക് രോഗം, വന്ധ്യത, സ്ത്രീരോഗം എന്നിവയില്‍ ചികിത്സാവിദഗ്ധരാണ് ഇവര്‍. ടെലി കൗണ്‍സിലിങ്ങിനായി വിളിക്കേണ്ട നമ്പരുകള്‍: 04868 273298, 9176448215. (രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ)