സർക്കാരും കെഎസ്ഇബിയും നെട്ടോട്ടത്തിൽ ; റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ നീക്കങ്ങൾ
തിരുവനന്തപുരം : റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പ്രതിസന്ധി കണക്കിലെടുത്ത് പുനസ്ഥാപിക്കാൻ സർക്കാറിന്റെ തിരക്കിട്ട നീക്കം. വൈദ്യുതി പ്രതിസന്ധി വന്നതോടെ, നടപടി ക്രമങ്ങളുടെ വീഴ്ച പറഞ്ഞ് റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് സർക്കാറും കെഎസ്ഇബിയും. കെഎസ്ഇബിയുടെ അഭ്യർത്ഥന കണക്കിലെടുത്ത് നാളെ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു.
ആര്യാടൻ മുഹമ്മദിൻറെ കാലത്ത് 25 വർഷത്തേക്ക് ഒപ്പിട്ട കരാറാണ് കഴിഞ്ഞ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോൾ 9 രൂപ ശരാശരി നൽകിയാണ് പ്രതിദിനം പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത്. കരാർ പുനസ്ഥാപിക്കണമെന്ന് കെഎസ്ഇബി നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഒടുവിൽ സർക്കാർ ഇടപെടുന്നത്. ഇലക്ടിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിക്കാൻ സർക്കാറിന് റഗുലേറ്ററി കമ്മീഷനോട് ആവശ്യപെടാൻ സർക്കാരിന് കഴിയും. പക്ഷെ കുറഞ്ഞ നിരക്കിൽ തുടർന്നും കമ്പനികൾ വൈദ്യുതി നൽകുമോ എന്നാണ് അറിയേണ്ടത്.