അര്‍ഹതയുള്ളവരെ ഒഴിവാക്കിയെന്ന്; കഞ്ഞിക്കുഴിയില്‍ അംഗൻവാടി ടീച്ചര്‍ ഇന്‍റര്‍വ്യൂ നീട്ടിവെച്ചു
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കി അംഗൻവാടി ടീച്ചര്‍മാരെയും വര്‍ക്കര്‍മാരെയും സ്ഥിരപ്പെടുത്താൻ നീക്കമെന്ന് ആരോപണം.
ഇതിനായി തയാറാക്കിയ ഇന്‍റര്‍വ്യൂ ബോര്‍ഡ് വിവാദമായമായതോടെ സ്ഥിരനിയമനം തല്‍ക്കാലത്തേക്കു നിര്‍ത്തി.
ടീച്ചര്‍മാരുടെയും വര്‍ക്കര്‍മാരുടെയും 19 ഒഴിവുകളാണുള്ളത്. ഇത്രയും സ്ഥാനത്തേക്ക് 274 അപേക്ഷകരാണുള്ളത്. അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കാൻ തയാറാക്കിയ ഇന്‍റര്‍വ്യൂ ബോര്‍ഡും വിവാദമായി. പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായ ബോര്‍ഡില്‍ പഞ്ചായത്ത് സെക്രട്ടറി, ഒരു മുൻ വനിത പഞ്ചായത്ത് പ്രസിഡന്‍റ്, അഞ്ചു പൊതുപ്രവര്‍ത്തകര്‍, രണ്ട് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 10 പേരാണു വേണ്ടത്. രാഷ്ട്രീയ പാര്‍ട്ടിക്കാരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരെയും സഹകരണ ബാങ്കിലെ വനിത പ്രസിഡന്‍റിനെയും രണ്ടു കേരള കോണ്‍ഗ്രസുകാരെയും ഉള്‍പ്പെടുത്തി ബോര്‍ഡിന്‍റെ പാനല്‍ തയാറാക്കി. ഇതിനിടെ സംസ്ഥാനത്തെ രണ്ടാമത്തെ ഭരണകക്ഷിയായ സി.പി.ഐ പ്രതിനിധിയെ ബോര്‍ഡില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. അതിനിടെ ബോര്‍ഡില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസുകാരനായിരുന്ന ശശി കണ്യാലി സി.പി.എമ്മില്‍ പോയതോടെ ശശിയെ ഒഴിവാക്കി ജോസഫ് ഗ്രൂപ്പിലെ അംഗത്തെ ഉള്‍പ്പെടുത്തി. അര്‍ഹതയുണ്ടായിട്ടും തന്‍റെ മകളുടെ അപേക്ഷ നിരസിച്ചതില്‍ പ്രതിഷേധിച്ച് മഴുവടി പഞ്ചായത്ത് അംഗവും ഉമ്മൻ ചാണ്ടി കോളനിയിലെ ഊരുമൂപ്പനുമായ സുകുമാരൻ കലക്ടര്‍ക്കു പരാതി നല്‍കി. കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ തല്‍ക്കാലത്തേക്ക് ഇന്‍റര്‍വ്യൂ നീട്ടിവെച്ചു. തീയതി പിന്നീട് അറിയിക്കും. അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണവും ദുഃഖാചരണവും മൂലമാണ് ഇന്‍റര്‍വ്യൂ നീട്ടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.