സ്വയംപ്രഖ്യാപിത കൺടെയ്‌ൻമെന്റ് സോണായി നാച്ചിവയൽ .


മറയൂർ : ഒരാഴ്ചയ്ക്കുള്ളിൽ 32 കോവിഡ് രോഗികൾ. ഓരോ ദിവസവും രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറയൂർ പഞ്ചായത്തിലെ നാച്ചിവയൽ ഗ്രാമവാസികൾ ഒറ്റ തീരുമാനത്തിലെത്തി. അധികാരികളുടെ അനുവാദത്തിനൊന്നും കാത്തുനില്ക്കാതെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ ഗ്രാമം പൂർണമായി അടച്ചു.
ഇരു അതിർത്തികളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് യുവാക്കൾ കാവൽ നില്ക്കുന്നു. ഗ്രാമവാസികൾക്ക് ആവശ്യമുള്ള അവശ്യസാധനങ്ങൾ എല്ലാം ആരെയും പുറത്തുവിടാതെ ഗ്രാമത്തിൽ എത്തിച്ചുവരുന്നു.
രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ വാഹന സൗകര്യങ്ങൾ ഒരുക്കി. പുറമേയുള്ളവർക്ക് പ്രവേശനമില്ല. ഗ്രാമവാസികളായ മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം കാളിദാസ്, സി.പി.എം. ലോക്കൽ സെക്രട്ടറി എസ്.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാമത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.