കെഎസ്ഇബി ജീവനക്കാർ വിനോദയാത്ര പോയി; പീരുമേട്ടിൽ 16 മണിക്കൂര് വൈദ്യുതി മുടങ്ങി
തൊടുപുഴ: കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് കേരളത്തിന് പുറത്തേക്ക് വിനോദ യാത്ര പോയതോടെ പീരുമേട്ടിൽ 16 മണിക്കൂർ വൈദ്യുതി മുടങ്ങി. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡർ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. ഇടുക്കിയിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ച കഴിഞ്ഞ് പീരുമേട്ടിൽ ശക്തമായ മഴയാണ് ലഭിച്ചത്. പിന്നാലെ വൈദ്യുതി മുടങ്ങി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിൽ എത്തിയ നിരവധി സഞ്ചാരികളും ഇതോടെ ബുദ്ധിമുട്ടിലായി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതോടെ നാട്ടുകാർ പോത്തുപാറയിലെ സെക്ഷൻ ഓഫീസിലേക്ക് വിളിച്ചു. എല്ലാവരും ടൂർ പോയെന്നായിരുന്നു മറുടപടി. പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിതാ സബ് എഞ്ചിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എഞ്ചിനീയറുടേയും നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ തകരാർ കണ്ടെത്തിയില്ല. ഒടുവിൽ ശനിയാഴ്ച 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരളത്തിനു പുറത്തേക്ക് ഉദ്യോഗസ്ഥരടക്കം ടൂർ പോയത് ബോർഡിന്റെ അനുവാദമില്ലാതെയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. പിന്നാലെ ഇതുസംബന്ധിച്ചു പീരുമേട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കെഎസ്ഇബി ആവശ്യപ്പെട്ടു