പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ, പരമാവധി വോട്ടർമാരെ കാണാൻ സ്ഥാനാര്‍ത്ഥികൾ
ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം ആവേശം നിറച്ച കൊട്ടിക്കലാശത്തോടെയാണ് സമാപിച്ചത്. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴ് മുതൽ കോട്ടയം ബസേലിയോസ് കോളജിൽ ആരംഭിച്ചു. പോളിങ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയോസ് കോളജിൽ നിന്നു പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 54 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കൺട്രോൾ, ബാലറ്റ് യൂനിറ്റുകളും വിവി പാറ്റുകളുമാണ് തയ്യാറാക്കായിട്ടുള്ളത്. ഇവ കൂടാതെ 19 വിവി പാറ്റുകൾ ആധികമായും കരുതിയിട്ടുണ്ട്.
90,281 സ്ത്രീകളും 86,132 പുരുഷൻമാരും നാല് ട്രാൻസ് ജെൻഡർ വോട്ടർമാരുമടക്കം മണ്ഡലത്തിൽ ആകെ 1,76,417 വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാരുടെ എണ്ണം 957ആണ്. വോട്ടെടുപ്പ് നടക്കുന്നതിനാൽ നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ജെയ്ക് സി തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. മൂവരുമടക്കം ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ.