‘പ്രകടനപത്രിക പൂർണമായും നടപ്പാക്കും; 5 വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും’
തിരുവനന്തപുരം∙ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തും.
സാമൂഹ്യക്ഷേമം സാമൂഹ്യനീതി സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളെ ശാക്തീകരിക്കും. 5 വർഷം കൊണ്ട് അതിദാരിദ്യം ഇല്ലാതാക്കും. അതിദാരിദ്യമുള്ള കുടുംബത്തെ കണ്ടെത്തി ദാരിദ്ര്യരേഖയ്ക്കു മുകളിൽ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം രൂപീകരിക്കും. യുവജനങ്ങൾക്കു മികച്ച തൊഴിൽ സൃഷ്ടിക്കും. 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. 5 വർഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉൽപ്പാദനം ഇരട്ടിപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകും.
ജനങ്ങൾക്കു താൽപര്യം അർഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘർഷമല്ല, സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധരാകുന്നോ അവർക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജാതി, വർഗീയത കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനൊപ്പം നിൽക്കാൻ കേരള ജനത തയാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.