‘ഇത് നാഷ്‌വില്ലിൻ്റെ പ്രതികാരം’, മെസി വന്നതിന് ശേഷമുള്ള ആദ്യ സമനിലയുമായി ഇന്റർ മിയാമി
ഇന്റർ മിയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് നാഷ്‌വിൽ എഫ്‌സി. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ലയണൽ മെസി ക്ലബ്ബിലെത്തിയതിന് ശേഷം ഇതാദ്യമായാണ് മിയാമി ജയമില്ലാതെ സമനിലയിൽ കുരുങ്ങുന്നത്. ഇന്റർ മിയാമിക്കായി മെസിയുടെ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരം കൂടിയാണിത്. മെസിയുടെ മികവിൽ ഇന്റർ മിയാമി കഴിഞ്ഞ 9 മത്സരങ്ങളും ജയിച്ചിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. ഈ തോൽവിക്ക് പകരം വീട്ടാൻ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു നാഷ്‌വില്ലെ എഫ്‌സി ബൂട്ടണിഞ്ഞത്. ഡി.ആര്‍.വി പി.എന്‍.കെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്റര്‍ മയാമിക്ക് സാധിക്കുമായിരുന്നു. ഇതിനായി മെസ്സി, ബുസ്കറ്റ്സ്, ആൽബ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.
മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ മാത്രം മയാമിക്ക് സാധിച്ചില്ല. മെസിയെ പൂട്ടാൻ നാഷ്‌വിൽ ഡിഫൻസിനായി. മെസിയെ തടയുക എന്ന ലക്ഷ്യവുമായി പ്രതിരോധ ഫുട്ബോളാണ് നാഷ്‌വിൽ പുറത്തെടുത്തത്. 13 ഷോട്ടുകള്‍ ഇന്റര്‍ മയാമി താരങ്ങള്‍ തൊടുത്തപ്പോള്‍ നാലെണ്ണമായിരുന്നു ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചത്. നാഷ്‌വില്‍ രണ്ട് ഷോട്ടുകളാണ് ഓണ്‍ ടാര്‍ഗെറ്റിലേക്ക് നിറയൊഴിച്ചത്. എന്നാല്‍ ഇതിനൊന്നും ഗോള്‍ വല ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ ഫലം ലീഗ് ടേബിളിൽ മുന്നോട്ട് വരാനുള്ള മയാമിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 24 മത്സരത്തില്‍ നിന്നും ആറ് ജയവും നാല് സമനിലയും 14 തോല്‍വിയുമായി മയാമി 14ാം സ്ഥാനത്താണ്. എന്തായാലും ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടില്‍ മെസിയെയും സംഘത്തെയും ജയിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയ നാഷ്‌വില്ലിന് അഭിനന്ദന പ്രവാഹമാണ്.