ഇന്ന് കുമ്മാട്ടി, നാളെ പുലികളി
തൃശൂരിന്റെ ഓണക്കാഴ്ചകളിൽ പ്രധാനമായ കുമ്മാട്ടി ഇന്നിറങ്ങും. വടക്കുംമുറി കുമ്മാട്ടി, കിഴക്കുംപാട്ടുകര കുമ്മാട്ടിയുമാണ് അനുഗ്രഹം ചൊരിയാൻ ഇറങ്ങുക. ഉച്ചയ്ക്ക് 1.30 ന് കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന കുമ്മാട്ടി മഹോത്സവം അഞ്ചുമണിയോടെ തോപ്പ് സ്റ്റേഡിയത്തിൽ സമാപിക്കും. നിശ്ചല ദൃശ്യങ്ങൾ, തെയ്യം, തിറ, വാദ്യമേളങ്ങൾ തുടങ്ങിയവ കുമ്മാട്ടിയുടെ അകമ്പടിയായി അണിനിരക്കും. ഓണക്കാലത്ത് തൃശ്ശൂരിലെ പലദേശങ്ങളിലും കുമ്മാട്ടികൾ ഇറങ്ങാറുണ്ട്. ദേഹത്തു പർപ്പടകപ്പുല്ല് വച്ചുക്കെട്ടിയായിരുന്നു കുമ്മാട്ടികളുടെ വരവ്. മരത്തിൽ കൊത്തിയെടുത്ത അസുര മുഖങ്ങളും ദേവരൂപങ്ങളുമായി കുമ്മാട്ടിക്കൂട്ടങ്ങൾ നിറഞ്ഞാടും. വടക്കുംനാഥന്റെ ഭൂതഗണങ്ങളായാണ് കുമ്മാട്ടികൾ അറിയപ്പെടുന്നത്.
നഗരം കീഴടക്കാൻ തൃശ്ശൂരിൽ നാളെ പുലികൾ ഇറങ്ങും. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലികളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ പുലിവര കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ന് അരച്ച് തയ്യാറാക്കും. അവസാന നിമിഷവും പുലികളിക്ക് സസ്‌പെൻസ് ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് ഓരോ ദേശവും.