തിരുവോണ ദിവസത്തിൽ ശ്രീപത്മനാഭപുരത്ത് ഉപവാസ സമരവുമായി എൻഎസ്എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡൻറ് ആർ മണിക്കൂട്ടൻ
എൻഎസ്എസ് സംസ്ഥാന നേതൃത്വം തനിക്കെതിരെ നടത്തുന്ന ധിക്കാരപരമായ നിലപാടുകൾക്കെതിരെയാണ് മണിക്കുട്ടന്റെ സമരം. വൈകിട്ട് ആറു വരെയാണ് ഉപവാസ സമരം
2022 ജൂൺ 8 ആം തീയതി രാത്രി 10 മണിക്ക് ശേഷം ചങ്ങനാശ്ശേരിയിൽനിന്നും വന്ന ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ഹൈറേഞ്ച് എൻ എസ് എസ് യൂണിയന്റെ ഓഫീസ് പിടിച്ചെടുത്തു കൊണ്ട് യൂണിയൻ കമ്മിറ്റിയെ പിരിച്ചു വിട്ട് യൂണിയൻ ഭരണം ഏറ്റെടുക്കുവാൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രമിച്ചിരുന്നു. എന്നാൽ സമുദായ അംഗങ്ങളുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് അവർക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
എന്നാൽ കരയോഗങ്ങളുടെയും യൂണിയന്റെയും തിരഞ്ഞെടുപ്പുകൾ നടത്താതെ എൻ എസ് എസ് ജനറൽ സെക്രട്ടറി വൈരാഗ്യപൂർവ്വം പെരുമാറുന്നു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ തിരുവോണ നാളിൽ നൂറു കണക്കിന് സമുദായ അംഗങ്ങൾ നെടുംകണ്ടത്തുള്ള യൂണിയൻ ആസ്ഥാനത്തിനു മുൻപിൽ നിരാഹര സമരം നടത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് എൻ എസ് എസ് നേതൃത്വം തയ്യാറാകാത്തതിൽ പ്രതിക്ഷേധിച്ചുകൊണ്ടാണ് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ ശ്രീപദ്മനാഭപുരം ധർമ്മപാഠശാലയിലുള്ള ആചാര്യ സ്മൃതിമണ്ഡപത്തിൽ തിരുവോണനാളിൽ ഉപവാസ സത്യാഗ്രഹം നടത്തുന്നത്.
ഈ വിഷയത്തിൽ കട്ടപ്പന സബ്കോടതിയിൽ കേസ് നടക്കുന്നുണ്ട്. എന്നാൽ എൻ എസ് എസ് നേതൃത്വം കോടതിയിൽ ഹാജരാവാതെ കേസ് നീട്ടികൊണ്ട് പോവുകയാണെന്നും ആർ മണിക്കുട്ടൻ ആരോപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെയാണ് സമരം നടത്തുന്നത്.