ഇടതുമുന്നണി ജില്ലയ്ക്ക് നൽകിയ അംഗീകാരമെന്ന് കേരള കോൺഗ്രസ്
കട്ടപ്പന : റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനം ഇടുക്കിക്ക് ഇടതുമുന്നണി നൽകുന്ന അംഗീകാരമാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകി പ്രവർത്തിക്കാൻ റോഷിക്ക് കഴിയും. കാർഷിക മേഖലയിലെ തകർച്ചയും ഭൂപ്രശ്നങ്ങളും അടിസ്ഥാന വികസനവും ഉൾപ്പെടെ അനവധിയായ പ്രശ്നങ്ങൾക്ക് നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ജനപ്രതിനിധിയാണ് റോഷി. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ അറിഞ്ഞുകൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനാകും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം കുറിക്കാൻ ജില്ലയ്ക്ക് കഴിഞ്ഞത് ഇടതുമുന്നണിയുടെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ്. യു.ഡി.എഫിന്റെ ആധിപത്യമെന്ന് വിശ്വസിച്ചിരുന്ന സ്ഥലങ്ങളിൽപോലും അവർക്കുണ്ടായ തകർച്ചയിലൂടെ കേരള കോൺഗ്രസിന്റെകൂടി ശക്തിയാണ് വ്യക്തമാകുന്നതെന്നും പറഞ്ഞു.