ഓണം ടൂറിസം വാരാഘോഷം: ഇടുക്കിയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഐ മൈതാനത്ത് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കം വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ഘട്ടത്തിലാണ് ഈ ഓണഘോഷം സംഘടിപ്പിക്കുന്നതെന്നത് അഭിമാനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ക്രിക്കറ്റ് ടൂർണമെന്റിനെത്തിയ മത്സരാർത്ഥികൾക്ക് വിജയാശംസകൾ അറിയിച്ചാണ് മന്ത്രി മടങ്ങിയത്.
ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തഗം ഡിറ്റാജ് ജോസഫ് അധ്യക്ഷത വഹിച്ചു.
ക്രിക്കറ്റ് ടൂർണമെന്റിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി പത്ത് ടീമുകൾ പങ്കെടുത്തു.
തിങ്കളാഴ്ച ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ രാവിലെ 9 മണി മുതൽ അത്തപ്പൂക്കള മത്സരം നടക്കും.
തുടർന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറും.
വൈകിട്ട് 6 മണി മുതൽ അഖില കേരള വടംവലി മത്സരം നടക്കും. വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം 12,001 രൂപയും, രണ്ടാം സമ്മാനം 10,001 രൂപയും, മൂന്നാം സമ്മാനം 8001 രൂപയും, നാലാം സമ്മാനം 6001 രൂപയുമാണ്. പ്രോത്സാഹന സമ്മാനമായി നാല് ടീമുകൾക്ക് 3001 രൂപയും നൽകും.
പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ, ഇടുക്കി സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർളി തോമസ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹി ടോമി ഇളന്തുരത്തിയിൽ എന്നിവർ സന്നിഹിതരായിരുന്നു.