VSSC പരീക്ഷാ തട്ടിപ്പ്; പ്രധാന കണ്ണികളടക്കം 3 പേർ ഹരിയാനയിൽ പിടിയിൽ
വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിൽ പ്രധാന കണ്ണികളടക്കം 3 പേർ പിടിയിൽ. ഹരിയാനയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. ഇലട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് നടന്ന തട്ടിപ്പിൽ ഉത്തരം ബ്ലൂടൂത്ത് ഹെഡ് സെറ്റ് വഴി കൈമാറിയതിൽ ഉൾപ്പെട്ട പ്രതിയടക്കമാണ് ഹരിയാനയിൽ എത്തിയ അന്വേഷണ സംഘത്തിൻറെ പിടിയിലായത്. പിടിയിലായതിൽ ഒരാൾ ഉദ്യോഗാർത്ഥിയാണ്. നടപടിക്രമം പൂർത്തിയാക്കി പ്രതികളെ കേരളത്തിൽ എത്തിക്കുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
ഹരിയാന പൊലീസിന്റെ സഹായത്തോടെ വിപുലമായ അന്വേഷണമാണ് കേരള പോലീസ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിൽ പിടിയിലായ മുഴുവൻ പേരും ഹരിയാന സ്വദേശികളാണ്. തട്ടിപ്പ് കണ്ടെത്തിയതിന് തുടർന്ന് വി എസ് സി പരീക്ഷ റദ്ദാക്കിയിരുന്നു. ടെക്നീഷ്യൻ, റേഡിയോഗ്രാഫർ , ട്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികളിലേക്ക് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്.
ഷർട്ടിനുള്ളിൽ നെഞ്ചിനോട് ചേർത്തു വച്ച ക്യാമറ ലെൻസിലൂടെയാണ് ചോദ്യപേപ്പർ പുറത്തേക്ക് ചോർത്തി നൽകിയത്. ഹരിയാനയിലെ സ്വകാര്യ കോച്ചിംഗ് സെൻററുകൾ ആണ് ഉത്തരങ്ങൾ ചോർത്തി നൽകിയതിന് പിന്നിൽ. പരീക്ഷയിൽ കൃത്രിമം നടക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കോട്ടൺഹിൽ, പട്ടം, സെൻറ് ജോസഫ് തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു പരീക്ഷാ ക്രമക്കേട് നടന്നത്.