‘ആരോപണങ്ങള്‍ ശുദ്ധ നുണ’; വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യ
റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മരണകാരണവും മരിച്ചവരുടെ വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ബുധനാഴ്ചയാണ് തന്റെ പ്രൈവറ്റ് ജെറ്റ് അപകടത്തില്‍പ്പെട്ട് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന് കൊല്ലപ്പെട്ടത്. മോസ്കോയില്‍ വച്ചുണ്ടായ അപകടത്തില്‍ പ്രിഗോഷിന്റെ ഒപ്പമുണ്ടായിരുന്ന ആരും രക്ഷപെട്ടില്ല. സംഭവത്തില്‍ പ്രിഗോഷിന്റെ കുടുംബത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പ്രിഗോഷിന്റെ മരണത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്നാണ് അമേരിക്കയുടെ പ്രതികരണം. പ്രിഗോഷിന് കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. പ്രിഗോഷിന് ഒപ്പമുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തുപേരും കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ മാധ്യമമായ സ്പുട്നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ ദിവസമാണ് പ്രിഗോഷിന് താന്‍ ജീവനോടെയുണ്ടെന്നും ആഫ്രിക്കയിലാണ് ഇപ്പോഴുള്ളതെന്നും സൂചിപ്പിച്ച് ഒരു വിഡിയോ പുറത്തിറക്കിയിരുന്നത്. യുക്രൈന് യുദ്ധത്തില്‍ റഷ്യയുടെ പ്രധാന സൈനിക സ്വത്തായിരുന്ന വാഗ്നര്‍ ഗ്രൂപ്പിനെ നയിച്ചിരുന്നത് പ്രിഗോഷിനാണ്. എന്നാല്‍ റഷ്യന്‍ സൈന്യവുമായുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന് റഷ്യന്‍ ഭരണകൂടത്തിനെതിരെ അട്ടിമറി ഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് വിമത നീക്കത്തില്‍ നിന്ന് പിന്തിരിയുന്നുവെന്നും തന്റെ സൈന്യം ക്യാമ്പിലേക്ക് തിരികെ പോകുന്നുവെന്നും പ്രിഗോഷിന് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.