തൊടുപുഴ നഗരത്തിലെ അനധികൃത ഫ്‌ളക്സ് ബോര്‍ഡുകള്‍ നീക്കി
തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്സ് ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ നീക്കം ചെയ്തു. പട്ടായംകവല, മുതലക്കോടം, മാവിന്‍ചുവട്, മങ്ങാട്ടുകവല, മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൂടാതെ കാല്‍നടയാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നതും ഓടയുടെ മുകളിലേക്ക് സാധനങ്ങള്‍ ഇറക്കി വെച്ച് വില്‍പ്പന നടത്തിയിരുന്നതുമായ രണ്ട് സ്ഥാപനങ്ങള്‍ക്ക് സ്പോട്ട് നോട്ടീസ് നല്‍കി. മാവിന്‍ചുവട് ഭാഗത്ത് റോഡ് സൈഡിലേക്ക് ഇറക്കി സ്ഥാപിച്ചിരുന്ന മത്സ്യവില്‍പ്പന സ്റ്റാളുകള്‍ അടിയന്തരമായി പുറകിലേക്ക് നീക്കി സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് 21 ന് കൂടിയ ടൗണ്‍ വെന്‍ഡിങ് കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി.
മുനിസിപ്പല്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. മറ്റു കടകള്‍ക്ക് മൂന്ന് ദിവസം സമയം നല്‍കി അറിയിപ്പ് നല്‍കി. നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ മുന്‍വശം പൊളിച്ചു നീക്കുന്നതുള്‍പ്പടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. നഗരസഭാ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രജീഷ് കുമാര്‍, സതീശന്‍ വി പി, അമ്പിളി ബി എം എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കിയത്.