ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ്ങ് പരീക്ഷിച്ചത് നാമക്കല്ലിലെ മണ്ണില്‍; തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചത് 50 ടണ്‍ മണ്ണ്
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചന്ദ്രയാന്‍ 3ന്റെ വിജയത്തിനായി. എന്നാല്‍ നാമക്കല്‍ നിവാസികള്‍ക്ക് ഏറെ സന്തോഷമാകും ചന്ദ്രയാന്‍ വിജയം. എന്താണന്നല്ലേ, വിക്ഷേപണത്തിന് മുന്‍പ് ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത് നാമക്കല്ലില്‍ മണ്ണിലാണ്. 50 ടണ്‍ നാമക്കല്‍ മണ്ണാണ് ഇതിനായെത്തിച്ചത്.
എന്തുകൊണ്ടാണ് സോഫ്റ്റ് ലാന്‍ഡിങ് പരീക്ഷണത്തിന് നാമക്കല്‍ മണ്ണ് തെരഞ്ഞെടുത്തിട്ടുണ്ടാവുക. ഇതിനുമുണ്ടൊരു പ്രത്യേകത. ചന്ദ്രാപരിതലത്തോട് സാമ്യമുള്ള പ്രദേശമായാണ് ശാസ്ത്രജ്ഞര്‍ നാമക്കലിലെ മണ്ണിനെ വിലയിരുത്തുന്നത്. അതിനാല്‍ത്തന്നെ ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പരീക്ഷണങ്ങള്‍ക്കായി നാമക്കലിലെ മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്.
ഐഎസ്ആര്‍ഒ പഠനത്തിനാവശ്യമായി മണ്ണ് പതിനൊന്ന് വര്‍ഷമായി നാമക്കല്ലില്‍ നിന്നാണ് ഉപയോഗിച്ചുവരുന്നത്. ചെന്നൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് നാമക്കല്‍. ചേ്രന്ദാപരിതലത്തിലെ പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമാനമായ മണ്ണാണ് തമിഴ്നാട്ടിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചന്ദ്രോപരിതലത്തിലുള്ള മണ്ണ് അനോര്‍ത്തോസൈറ്റ് ആണ്. നാമക്കല്ലിലെ സിത്താംപൂണ്ടി, കുന്നമലൈ ഗ്രാമങ്ങള്‍, ആന്ധ്രാപ്രദേശിലെ ചില പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇത്തരം മണ്ണ് ധാരാളമായുണ്ടെന്ന് പെരിയാര്‍ സര്‍വകലാശാലയിലെ ജിയോളജി വിഭാഗം ഡയറക്ടര്‍ പ്രൊഫ. എസ്. അന്‍പഴകന്‍ പറയുന്നു.